80 അടി ഉയരമുള്ള തെങ്ങില്‍ രണ്ടര മണിക്കൂര്‍ തലകീഴായി കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

അടിമാലി: എണ്‍പതടി ഉയരമുള്ള തെങ്ങില്‍ രണ്ടര മണിക്കൂര്‍ തലകീഴായി തൂങ്ങിക്കിടന്ന യുവാവിനെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. വെള്ളത്തൂവല്‍ സ്വദേശി കണ്ണംകര ജയനെയാണു രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം.
വെള്ളത്തൂവല്‍ കെ.എസ്.ഇ.ബി. കോളനിക്കു സമീപത്തെ പുരയിടത്തില്‍ മെഷീന്‍ ഉപയോഗിച്ച് ജയന്‍ തെങ്ങില്‍ കയറി. മുകളിലെത്തി തേങ്ങയിടുന്നതിനിടെ മെഷീന്റെ ബെല്‍റ്റില്‍ കാല്‍ കുടുങ്ങി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ജയന്‍ ഒരുവിധത്തില്‍ തെങ്ങില്‍ തലകീഴായി തൂങ്ങിക്കിടന്നു. ഇതറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. പ്രദേശവാസികളായ ജിബുവും അനിലും ബൈജുവും ഇതിനിടെ തെങ്ങില്‍ കയറി. തലകീഴായി തൂങ്ങിക്കിടന്ന ജയനെ ഉയര്‍ത്തി അവര്‍ തെങ്ങില്‍ കെട്ടിവച്ചു. തുടര്‍ന്ന് താഴെയിറക്കാന്‍ നിര്‍വാഹമില്ലാതിരിക്കെ അടിമാലിയില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തിയത് ആശ്വാസമാവുകയായിരുന്നു.

ഏണിയും വലയുമായി തെങ്ങില്‍ കയറിയ സേനാംഗങ്ങള്‍ ജയനെ വലയിലാക്കി. ഒരു മണിക്കൂറോളം ശ്രമിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് ഒടുവില്‍ ജയനെ താഴെ എത്തിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →