കണ്ണൂര്‍: കോടികളുടെ നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിച്ച താവക്കരയിലെ കണ്ണൂര്‍ അര്‍ബന്‍നിധി, സഹോദരസ്ഥാപനമായ എനിടൈം മണി എന്നീ സ്ഥാപനങ്ങള്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് പൂട്ടി സീല്‍ ചെയ്തു. കഴിഞ്ഞദിവസം കംപ്യൂട്ടറുകളും ഇടപാടുകാരെ സംബന്ധിക്കുന്ന രേഖകളും ഫയലുകളും കസ്റ്റഡിയിലെടുത്ത ശേഷമാണ് സീല്‍ ചെയ്തത്. ബാങ്ക് നിരക്കിനേക്കാള്‍ കൂടുതല്‍ ശതമാനം പലിശ വാഗ്ദാനംചെയ്ത് നടത്തിയ നിക്ഷേപത്തട്ടിപ്പില്‍ കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് ജില്ലകളിലുള്ളവരാണു കബളിപ്പിക്കപ്പെട്ടത്. ഇതിനകം കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ നാല്‍പതോളം പരാതികളാണു ലഭിച്ചത്. 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡയറക്ടര്‍മാരും ജീവനക്കാരുമുള്‍പ്പെടെ ഒന്‍പതുപേരാണ് കേസിലെ പ്രതികള്‍.
അറസ്റ്റിലായ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ തൃശൂര്‍ കുന്നത്ത് പെരടിയില്‍ ഹൗസില്‍ ഗഫൂര്‍ (43), തൃശൂര്‍ വാടാനപ്പള്ളിയിലെ മേലെപ്പാട്ട് വളപ്പില്‍ ഹൗസില്‍ ഷൗക്കത്ത് അലി എന്നിവരുടെയും സ്വത്തുക്കള്‍ എല്ലാം ബിനാമികളുടെ പേരിലാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. അര്‍ബന്‍ നിധിയിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജീന വഴിയാണ് കൂടുതല്‍പേര്‍ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയത്. കേസില്‍ അറസ്റ്റിലായ ജീന റിമാന്‍ഡിലാണ്. പ്രതികള്‍ ആയിരം കോടിയുടെ നിക്ഷേപത്തട്ടിപ്പ് ആസൂത്രണം ചെയ്തതായി ചോദ്യംചെയ്യലില്‍ വ്യക്തമായെന്നു പോലീസ് പറഞ്ഞു. ഒളിവിലുള്ള ആന്റണി ഉള്‍പ്പടെയുള്ള ഡയറക്ടര്‍മാര്‍ക്കായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടരുകയാണ്. സ്ഥാപനത്തില്‍ ഭീമമായ തുകകള്‍ നിക്ഷേപിച്ചവരുടെ സാമ്പത്തിക സ്രോതസ് പോലീസ് പരിശോധിച്ചുവരികയാണ്. കോടികളുടെ നിക്ഷേപത്തട്ടിപ്പായതിനാല്‍ അന്വേഷിക്കുന്നതിനു ലോക്കല്‍ പോലീസിനു പരിമിതികള്‍ ഉണ്ടെന്നും പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് അന്വേഷണം കൈമാറണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്നും പോലീസ് പറഞ്ഞു.
നിലവില്‍ 150 കോടി രൂപയുടെ സാമ്പത്തിക വെട്ടിപ്പാണ് ഇവിടെ കണ്ടെത്തിയത്. എന്നാല്‍ തൃശൂര്‍ സ്വദേശികളായ ഡയറക്ടര്‍മാര്‍ നടത്തിയ തട്ടിപ്പില്‍ 500 കോടിയുടെ നഷ്ടം നിക്ഷേപകര്‍ക്കുണ്ടായെന്നാണ് വിലയിരുത്തല്‍. ഡയറക്ടറായ ഷൗക്കത്ത്അലി, ഗഫൂര്‍ എന്നിവര്‍ തൃശൂരില്‍ സ്വിമ്മിങ് പൂള്‍ ഉള്‍പ്പെടെയുള്ള ആഡംബര വീടുകളാണു നിര്‍മ്മിച്ചിട്ടുള്ളത്.