മൂന്നാർ: മൂന്നാറിൽ തണുപ്പ് പൂജ്യം ഡിഗ്രിയിൽ താഴെ എത്തിയതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് പതിവിലും അധികമായി. കന്നിമല, ചെണ്ടവാര എന്നിവിടങ്ങളിൽ അതിശൈത്യത്തിന്റെ ദ്യശ്യങ്ങൾ സഞ്ചാരികൾക്ക് കാണാൻ കഴിയുമെങ്കിലും അത് അനുഭവിച്ചറിയണമെങ്കിൽ വട്ടവടയിലെ പാമ്പാടുംചോല ദേശീയോദ്യാനത്തിൽ എത്തണം. പച്ചവിരിച്ചുകിടക്കുന്ന പുൽമേടുകളിൽ മെത്തവിരിച്ചതുപോലെ മഞ്ഞുതുള്ളികൾ കണ്ണെത്താ ദൂരംവരെ നീണ്ടുകിടക്കുന്നത് കാണാം. അതുകൊണ്ടുതന്നെ കഴിഞ്ഞ അഞ്ച് ദിവസമായി ഇവിടേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.
സഞ്ചാരികളുടെ വരവ് വർദ്ധിച്ചതോടെ മഞ്ഞുപുതച്ച മലനിരകൾ കാണാൻ എത്തുന്ന വിനോദസഞ്ചാരികളിൽ നിന്നും വനംവകുപ്പ് പണപിരിവ് ആരംഭിച്ചതായാണ് ആരോപണമുണ്ട്. സംഭവം വിവാദമായതോടെ ദേശീയോദ്യാനത്തിൽ വാഹനം നിർത്താൻ പാടില്ലെന്ന മുന്നറിയിപ്പ് സന്ദേശവുമായി അധികൃതർ രംഗത്തെത്തി. ഉദ്യാ നത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നവരിൽ നിന്നും 2000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടതായും ചിലർ പറയുന്നു. എന്നാൽ ഉദ്യാനത്തിൽ തിരക്കേറിയതോടെ വന്യമൃഗങ്ങൾക്ക് ശല്യമുണ്ടാകുന്നതരത്തിൽ സഞ്ചാരികൾ പ്രവർത്തിക്കുന്നത് ഒഴിവാക്കുന്നതിന് നടപടികൾ ആരംഭിച്ചിരുന്നു.
പണപിരിവ് നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വനപാലകർ പറയുന്നു. ഉദ്യാനത്തിൽ പ്രവേശിക്കുന്ന ടോപ്പ് സ്റ്റേഷൻ അതിർത്തിയിൽ ഉദ്യാനത്തിലൂടെ കടന്നുപോകുന്ന 5 കിലോ മീറ്റർ ദൂരത്ത് വാഹനങ്ങൾ നിർത്തുകയോ, വന്യമ്യഗങ്ങൾ ആക്രമാസക്തമാകുന്ന തരത്തിൽ ഫോട്ടോ എടുക്കുകയോ ചെയ്താൽ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുകൾ കവാടത്തിൽ ശബ്ദ സന്ദേശമായി വിനോസഞ്ചാരികൾക്ക് നൽകുന്നുണ്ട്.

