ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം. ഏകദിനത്തിലെ 46-ാം സെഞ്ചുറി കുറിച്ച മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും (110 പന്തില്‍ എട്ട് സിക്‌സറും 13 ഫോറുമടക്കം 166) രണ്ടാം സെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെയും (97 പന്തില്‍ രണ്ട് സിക്‌സറും 14 ഫോറുടമടക്കം 116) വെടിക്കെട്ട് ഇന്ത്യന്‍ ഇന്നിങ്‌സിന് അകമ്പടിയായി. ഇന്ത്യ മുന്നോട്ടു വച്ച 391 റണ്ണിന്റെ വിജയലക്ഷ്യം പോയിട്ടു നൂറ് കടക്കാന്‍ പോലും ലങ്കയ്ക്കായില്ല. യുവ ഓപ്പണര്‍ നുവാനിന്ദു ഫെര്‍ണാണ്ടോ (19), നായകന്‍ ദാസുന്‍ ശനക (11), കാസുന്‍ രജിത (13) എന്നിവരും ഇന്ത്യ നല്‍കിയ 10 അധിക റണ്ണുമാണു രണ്ടക്കം കടന്നത്. 32 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവുമെടുത്തു. ചാമിക കരുണരത്‌നെ (ഒന്ന്) സിറാജിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി. പരുക്കേറ്റ അഷന്‍ ബണ്ടാര ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല. ലങ്കയ്‌ക്കെതിരേ കൂറ്റന്‍ സ്‌കോര്‍ കുറിച്ചാണ് ഇന്ത്യ തിരുവനന്തപുരത്തുകാര്‍ക്കു ”മകര പൊങ്കലില്‍” ആവേശക്കാഴ്ച ഒരുക്കിയത്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു. രോഹിത് ശര്‍മയും (49 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം 42) ഗില്ലും ചേര്‍ന്നു മികച്ച തുടക്കം നല്‍കി. രോഹിതിനെ ചാമിക കരുണരത്‌നെ വാനിന്ദു ഹസരംഗയുടെ കൈയിലെത്തിച്ചാണു കൂട്ടുകെട്ട് പൊളിച്ചത്. രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യ നൂറിന് അഞ്ച് റണ്‍ അകലെയായിരുന്നു. തുടര്‍ന്നാണു ഗില്ലും കോഹ്‌ലിയും ചേര്‍ന്ന കൂട്ടുകെട്ട് മത്സരിച്ച് തകര്‍ത്തടിച്ചത്. കാണികളുടെ എണ്ണം കുറവായിരുന്നെങ്കിലും എത്തിയവരെ ആവേശത്തിലാറാടിച്ചാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഗില്‍ 52 പന്തിലും കോഹ്‌ലി 48 പന്തിലും അര്‍ധ സെഞ്ചുറി കടന്നു.രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 90 പന്തില്‍ 100 കടന്നു. 31-ാം ഓവറില്‍ 200 കടന്നതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തുമെന്ന് ഉറപ്പായി. ഗില്‍ 89 പന്തില്‍ സെഞ്ചുറി കടന്ന ഗില്ലാണു ലങ്കന്‍ ബൗളര്‍മാരെ കൂടുതല്‍ ആക്രമിച്ചത്. ഗില്ലിനെ കാസുന്‍ രജിത പുറത്താക്കിയെങ്കിലും വെടിക്കെട്ടിനു ശമനമുണ്ടായില്ല. ശ്രേയസ് അയ്യര്‍ (32 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 38) കോഹ്‌ലിക്കു കൂട്ടായി എത്തിയതോടെ 43-ാം ഓവറില്‍ ഇന്ത്യ മൂന്നുറ് കടന്നു. പിന്നാലെ 85 പന്തില്‍ കോഹ്‌ലിയും സെഞ്ചുറിയടിച്ചു. സ്‌ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ ജെഫ്രി വാന്‍ഡര്‍സെയും അഷന്‍ ബണ്ടാരയും തമ്മില്‍ കൂട്ടിയിടിച്ചു വീണതോടെ മത്‌സരം കുറച്ചു നേരം തടസപ്പെട്ടു. അഷന്‍ ബണ്ടാര തുടര്‍ന്നു കളിച്ചില്ല. ദുനിത് വല്ലലാഗെയാണു വാന്‍ഡര്‍സെയ്ക്കു പകരം ബാറ്റ് ചെയ്തത്. റണ്‍ ഉയര്‍ന്നാനുള്ള ശ്രമത്തില്‍ ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍ (ഏഴ്), സൂര്യകുമാര്‍ യാദവ് (നാല്) എന്നിവര്‍ പുറത്തായി. അക്ഷര്‍ പട്ടേല്‍ (രണ്ട്) കോഹ്‌ലിക്കൊപ്പം പുറത്താകാതെനിന്നു. ലാഹിരു കുമാര രണ്ട് വിക്കറ്റെടുത്തെങ്കിലും 87 റണ്‍ വഴങ്ങി ധാരാളിയായി. രണ്ട് വിക്കറ്റെടുത്ത കാസുന്‍ രജിതയും റണ്‍ വഴങ്ങുന്നതില്‍ ധാരാളിയായി. 81 റണ്ണാണു രജിത വിട്ടുകൊടുത്തത്. വാനിന്ദു ഹസരംഗ 10 ഓവറില്‍ 54 റണ്‍ വഴങ്ങി. നുവാനിന്ദു ഫെര്‍ണാണ്ടോയുടെ രണ്ട് ഓവറില്‍ 22 റണ്‍ പിറന്നു. ഇന്ത്യന്‍ നിരയില്‍ ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്കു പകരം സൂര്യകുമാര്‍ യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് അവസരം നല്‍കി. വിരാട് കോഹ്‌ലി മത്സരത്തിലെയും പരമ്പരയിലെയും താരമായി. മൂന്ന് മത്സരങ്ങളിലായി 283 റണ്ണാണു കോഹ്‌ലി അടിച്ചെടുത്തത്. സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡും കോഹ്‌ലി സ്വന്തമാക്കി. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്.
സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഒരു റെക്കോഡും കോഹ്‌ലി മറികടന്നു. 160 ഇന്നിങ്‌സുകളിലാണ് സച്ചിന്‍ ഇന്ത്യയില്‍ 20 സെഞ്ചുറിയെന്ന നേട്ടത്തിലെത്തിയതെങ്കില്‍ കോഹ്‌ലി 101 ഇന്നിങ്‌സുകളിലാണ് മറികടന്നത്. ഏകദിനത്തില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന നേട്ടവും കോഹ്‌ലിക്കു സ്വന്തമാണ്. ശ്രീലങ്കയ്‌ക്കെതിരേ പത്താം സെഞ്ചുറി കുറിച്ചാണ് ഈ ചരിത്രം കുറിച്ചത്. ഓസ്‌ട്രേലിയക്കെതിരേ ഒമ്പത് സെഞ്ചുറി നേടിയ സച്ചിന്റെ റെക്കോഡാണ് മറികടന്നത്. ഡിസംബറില്‍ ബം ാദേശിനെതിരെ സെഞ്ചുറിയടിച്ച കോഹ്‌ലി ലങ്കയ്‌ക്കെതിരേ നടന്ന ആദ്യ മത്സരത്തിലും സെഞ്ചുറിയടിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →