തലസ്ഥാനം ക്രിക്കറ്റ് ലഹരിയില്‍

തിരുവനന്തപുരം: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിന മത്സരത്തിനായി ഇരു ടീമുകളും എത്തിയതോടെ തിരുവനന്തപുരം ഉത്സവ ലഹരിയില്‍. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ആവേശത്തിലാണ് ഇന്ത്യ എത്തിയത്.
13/01/23 വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ എയര്‍ വിസ്താരയുടെ ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് ടീമുകളെത്തിയത്. വിമാനത്താവളത്തിലും പുറത്തും ടീമുകള്‍ക്ക് ആവേശകരമായ വരവേല്‍പ്പ് നല്‍കി. ഉച്ചയോടെ തന്നെ വിമാനത്താവള പരിസരം ആരാധകരെ കൊണ്ടു നിറഞ്ഞു. വിമാനത്താവളത്തിനു പുറത്ത് ആദ്യമെത്തിയത് ഇന്ത്യ ടീമായിരുന്നു. ആദ്യം പുറത്തേക്കു വന്നതു നായകന്‍ രോഹിത് ശര്‍മ. പിന്നാലെ യുസ്‌വേന്ദ്ര ചാഹാല്‍. വിരാട് കോഹ്‌ലി പുറത്തേക്ക് എത്തിയതോടെ ആര്‍പ്പു വിളികള്‍ ഉച്ചസ്ഥായിയിലായി.

ശ്രീലങ്കയ്ക്കും ആരാധകര്‍ ഏറെയുണ്ടായിരുന്നു. വാനിന്ദു ഹസരംഗയ്ക്കും നായകന്‍ ദാസുന്‍ ശനകയ്ക്കുമായിരുന്നു ആരാധകര്‍ കൂടുതല്‍. കനത്ത പോലീസ് സുരക്ഷയില്‍ പ്രത്യേകം തയാറാക്കിയ ബസുകളിലാണു താരങ്ങളെ ഹോട്ടലുകളിലെത്തിച്ചത്. ഇന്ത്യന്‍ ടീം ഹയാത്ത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം താജ് വിവാന്തയിലുമാണ് താമസം. 14/01/23 ശനിയാഴ്ച ഇരു ടീമുകളും ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പരിശീലിക്കും. ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലു വരെ ലങ്കന്‍ ടീമും വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെ ഇന്ത്യന്‍ ടീമും പരിശീലിക്കും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരമാണ് 15/01/23 ഞായറാഴ്ച നടക്കുക. ഉച്ചയ്ക്ക് 1.30 മുതലാണു മത്സരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →