മൂന്നാം ഏകദിനം: ടീമുകള്‍ 14/01/23 ശനിയാഴ്ചയെത്തും

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം 15/11/23 ഞായറാഴ്ചയാണ്. ഇരു ടീമുകളും 13/01/23 വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബില്‍ വിപുലമായ ഒരുക്കങ്ങളാണ്. പകലും രാത്രിയുമായാണു മത്സരം. കൊല്‍ക്കത്തയില്‍നിന്ന് എയര്‍ വിസ്താരയുടെ പ്രത്യേക വിമാനത്തില്‍ വൈകിട്ട് നാലു മണിയോടെയാണ് ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.
ഇന്ത്യന്‍ ടീം ഹയാത്ത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം താജ് വിവാന്തയിലുമാണ് താമസം. 14/01/23 ശനിയാഴ്ച ഇരു ടീമുകളും ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പരിശീലിക്കും. ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലു വരെ ലങ്കന്‍ ടീമും വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും പരിശീലിക്കും.

ടീമുകള്‍ക്കൊപ്പം മാച്ച് ഓഫീഷ്യലുകളും എത്തും. അമ്പയര്‍മാരായ നിതിന്‍ മേനോനും ജെ.ആര്‍. മദനഗോപാലുമാണു മത്സരം നിയന്ത്രിക്കുന്നത്. അനില്‍ ചൗധരിയാണ് ടിവി അമ്പയര്‍. കെ.എന്‍. അനന്തപത്മനാഭന്‍ ഫോര്‍ത്ത് അമ്പയറുടേയും ജവാഗല്‍ ശ്രീനാഥ് മാച്ച് റഫറിയുടെയും ചുമതല വഹിക്കും. കാര്യവട്ടത്തെ പിച്ച് മികച്ചതാണ്. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച പ്രകടനം ഇന്ത്യ ഇവിടെ കാഴ്ചവെച്ചു. കഴിഞ്ഞ ട്വന്റി20 യില്‍ പിച്ച് പേസ് ബൗളര്‍മാരെ തുണച്ചിരുന്നു. അര്‍ഷദീപ് സിംഗ് ഒരോവറില്‍ മൂന്ന് വിക്കറ്റെടുത്തു. ബി.സി.സി.ഐ. ക്യുറേറ്ററുടെ നേതൃത്വത്തില്‍ പിച്ചിന്റെ അവസാന പണികള്‍ പുരോഗമിക്കുകയാണ്.

എട്ട് വിക്കറ്റുകളില്‍ സെന്റര്‍ വിക്കറ്റാണ് മത്സരത്തിനായി തെരഞ്ഞെടുത്തത്. ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന രണ്ടാമത്തെ ഏകദിനമാണിത്. 2018 നവംബര്‍ ഒന്നിനാണ് സ്‌റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ഏകദിനം നടന്നത്. അന്ന് വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. 2017 നവംബര്‍ ഏഴിന് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ട്വന്റി20 യാണ് ആദ്യ രാജ്യാന്തര മത്സരം. മഴ മൂലം ഏട്ട് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ജയിച്ചു.

2019 ഡിസംബര്‍ എട്ടിനു നടന്ന ട്വന്റി20 യില്‍ വിന്‍ഡീസിനെ നേരിട്ട ടീം ഇന്ത്യ തോറ്റു. കോവിഡ് -19 വൈറസ് മഹാമാരിയുടെ വ്യാപനത്തെത്തുടര്‍ന്നുണ്ടായ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ സെപ്റ്റംബര്‍ 28 നാണ് സ്‌റ്റേഡിയത്തിലെ അവസാന രാജ്യാന്തര മത്സരം നടന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യ ജയിച്ചു.
15/01/23 ഞായറാഴ്ച രാവിലെ 11.30 മുതല്‍ കാണികള്‍ക്കു പ്രവേശനം അനുവദിക്കും. മത്സരത്തിന്റെ അപ്പര്‍ ടയര്‍ ടിക്കറ്റിന് 1000 രൂപയും (18% ജി.എസ്.ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ലോവര്‍ ടിയറിന് 2000 രൂപയുമാണ് (18% ജി.എസ്.ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്. പേടിഎം ഇന്‍സൈഡറില്‍നിന്ന് ഓണ്‍ലൈനായാണ് ടിക്കറ്റുകള്‍ ലഭ്യമാകുക. വിദ്യാര്‍ഥികള്‍ക്ക് 500 രൂപയാണ് നിരക്ക് (18% ജി.എസ്.ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്). വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റുകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന വാങ്ങണം. സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ടിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ഥികളുടെ പേരും ഐ.ഡി. നമ്പറും ഉള്‍പ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →