കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലും ഇന്ത്യക്ക് ആധിപത്യം. ട്വന്റി20 യ്ക്കു പിന്നാലെ ഇന്ത്യ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും 2-0 ത്തിന് ഉറപ്പിച്ചു. ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 40-ാം ഓവറില്‍ 215 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ 40 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
അവസാന മത്സരം 15/01/23 ഞായറാഴ്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും ലോകേഷ് രാഹുല്‍ (103 പന്തില്‍ പുറത്താകാതെ 64) ഇന്ത്യയെ രക്ഷിച്ചു. ഹാര്‍ദിക് പാണ്ഡ്യ (53 പന്തില്‍ 36), അക്ഷര്‍ പട്ടേല്‍ (21 പന്തില്‍ ഒരു സിക്സറും ഫോറുമടക്കം 21), ശ്രേയസ് അയ്യര്‍ (33 പന്തില്‍ 28) എന്നിവര്‍ പുറത്തായെങ്കിലും ജയത്തിലേക്കുള്ള വഴി തുറന്നിരുന്നു. 10 പന്തില്‍ 10 റണ്ണെടുത്ത് കുല്‍ദീപ് യാദവ് രാഹുലിനു പിന്തുണയുമായിനിന്നു.
നായകന് രോഹിത് ശര്‍മയും (21 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 17) ശുഭ്മന്‍ ഗില്ലും (12 പന്തില്‍ 21) ചേര്‍ന്ന് ഇന്ത്യക്കു മികച്ച തുടക്കം നല്കി. രോഹിതിനെ പുറത്താക്കി ചാമിക കരുണരത്നെ ആദ്യ വിക്കറ്റെടുത്തു. പിന്നാലെ ഗില്ലിനെ ലാഹിരു കുമാരയും പുറത്താക്കി. മുന്‍ നായകന് വിരാട് കോഹ്ലിക്കു (നാല്) നിലയുറപ്പിക്കാനായില്ല. കോഹ്ലിയെ കുമാര ബൗള്‍ഡാക്കി. രാഹുലും ശ്രേയസ് അയ്യരും ചേര്‍ന്നതോടെയാണ് ഇന്ത്യ കൈവിട്ട പ്രതീക്ഷ തിരിച്ചുപിടിച്ചത്. ശ്രേയസിനെ കാസുന്‍ രജിത വിക്കറ്റിനു മുന്നില്‍ കുടുക്കി. പിന്നാലെയെത്തിയ പാണ്ഡ്യ അടിച്ചു തകര്‍ത്തതോടെ സ്കോര്‍ 150 കടന്നു. പാണ്ഡ്യയെ കരുണരത്നെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കുശല്‍ മെന്‍ഡിസ് പിടികൂടി.
ടോസ് നേടിയ ലങ്കന്‍ നായകന് ദാസുന്‍ ഷനക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പുതുമുഖം നുവാനിന്ദു ഫെര്‍ണാണ്ടോയും (63 പന്തില്‍ 50) ആവിഷ്ക ഫെര്‍ണാണ്ടോയും (17 പന്തില്‍ 20) ചേര്‍ന്നു മികച്ച തുടക്കം കുറിച്ചു. ആവിഷ്കയെ പുറത്താക്കി മുഹമ്മദ് സിറാജാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. കുശല്‍ മെന്‍ഡിസിന്റെ (34 പന്തില്‍ 34) പിന്തുണ ലഭിച്ചതോടെ ലങ്ക 100 കടന്നു. മെന്‍ഡിസിനെ കുല്‍ദീപ് യാദവ് വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ വിക്കറ്റ് വീഴ്ച തുടങ്ങി. ധനഞ്ജയ ഡി സില്‍വയെ നേരിട്ട ആദ്യ പന്തില്‍ തന്നെ അക്ഷര്‍ പട്ടേല്‍ ബൗള്‍ഡാക്കി. നുവാനിന്ദു ഫെര്‍ണാണ്ടോ റണ്ണൗട്ടായതോടെ ലങ്ക പതറി. നായകന് ദാസുന്‍ ഷനകയെ (രണ്ട്) കുല്‍ദീപ് ബൗള്‍ഡാക്കിയതു നിര്‍ണായകമായി. ചരിത അസാലങ്കയെ (15) കുല്‍ദീപ് സ്വന്തം ബൗളിങ്ങില്‍ പിടികൂടി. വാനിന്ദു ഹസരങ്ക (21), ദുനിത് വെല്ലാലാഗെ (34 പന്തില്‍ 32), ചാമിക കരുണരത്നെ (17) എന്നിവര്‍ കൃത്യമായ ഇടവേളകളില്‍ പുറത്തായി. ഇന്ത്യക്കു വേണ്ടി മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതമെടുത്തു. ഉമ്രാന് മാലിക്ക് രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റുമെടുത്തു.