ഹോക്കി ലോകകപ്പിന് ഒഡീഷയില്‍ 2023 ജനുവരി 13 ന് തുടക്കം

ഭുവനേശ്വര്‍/റൂര്‍ക്കല: ഹോക്കി ലോകകപ്പിന് 13/01/22 വെള്ളിയാഴ്ച തുടക്കം. ഒഡീഷയിലാണു ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. അര്‍ജന്റീനയും ദക്ഷിണ കൊറിയയും തമ്മില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ നടക്കുന്ന മത്സരത്തോടെ ലോകകപ്പിനു തുടക്കമാകും. തുടരെ രണ്ടാം തവണയാണ് ഒഡീഷ ലോകകപ്പിന് വേദിയാകുന്നത്.

ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയവും റൂര്‍ക്കലയില്‍ പുതുതായി നിര്‍മിച്ച ബിര്‍സാ മുണ്ട സ്‌റ്റേഡിയവുമാണു വേദികള്‍. 2023 ജനുവരി 29 ന് കലിംഗ സ്‌റ്റേഡിയത്തിലാണു ഫൈനല്‍. സെമി ഫൈനലുകളും ഫൈനലും ഉള്‍പ്പെടെ 24 മത്സരങ്ങള്‍ കലിംഗയിലും ശേഷിക്കുന്ന 20 മത്സരങ്ങള്‍ ബിര്‍സാ മുണ്ടാ സ്‌റ്റേഡിയത്തിലുമാണ്. 20,000 പേര്‍ക്ക് ഇരിക്കാവുന്ന ബിര്‍സാ മുണ്ട സ്‌റ്റേഡിയം ലോകത്തിലെ പ്രമുഖ ഹോക്കി സ്‌റ്റേഡിയങ്ങളില്‍ ഒന്നാണ്. വൈകിട്ട് മൂന്നു മുതല്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയ ഫ്രാന്‍സിനെയും വൈകിട്ട് അഞ്ച് മുതല്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് വെയ്ല്‍സിനെയും നേരിടും. ഏഴ് മണി മുതലാണ് ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള മത്സരം. പൂള്‍ ഡിയില്‍ ഇന്ത്യക്കൊപ്പം സ്‌പെയിനും, ഇംഗ്ലണ്ട് വെയ്ല്‍സ് എന്നിവരുമാണ്.

ഇന്ത്യയുടെ രണ്ടാമത്തെ മത്സരം 2023 ജനുവരി15 ന് ഇംഗ്ലണ്ടിനെതിരേയാണ്. അവസാന മത്സരം വെയ്ല്‍സിനെതിരേ 2023 ജനുവരി19 നു നടക്കും. ഏറ്റവും കൂടുതല്‍ ലോകകപ്പ് കിരീടങ്ങള്‍ നേടിയ രാജ്യം പാകിസ്താനാണ്. നാലു തവണയാണ് അവര്‍ കിരീടം നേടിയത്. 1971 ലെ കന്നി ലോകകപ്പില്‍ കപ്പുയര്‍ത്തിയതും പാകിസ്താന്‍ തന്നെ. ഇത്തവണ അവര്‍ക്ക് യോഗ്യത നേടാാനായില്ല. ഹോളണ്ടും ഓസ്‌ട്രേലിയയും മൂന്നുതവണ വീതവും ജര്‍മനി രണ്ട് തവണയും കിരീടം നേടി. അഞ്ച് കോണ്‍ഫെഡറേഷനുകളില്‍നിന്ന് 16 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുന്നത്. ഓരോ പൂളിലെയും ഒന്നാം സ്ഥാനക്കാര്‍ നേരിട്ടു ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ ക്രോസ് ഓവര്‍ റൗണ്ടില്‍ കളിക്കും. ഇന്ത്യ ഒരു തവണ മാത്രമേ ലോകകപ്പ് നേടിയിട്ടുള്ളൂ. 1975 ല്‍ മലേഷ്യയില്‍ നടന്ന മൂന്നാം ലോകകപ്പില്‍ അജിത്പാല്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ടീമാണു കിരീടം നേടിയത്.
ഹര്‍മന്‍പ്രീത് സിങ് ആണ് ഇന്ത്യന്‍ ടീം നായകന്‍. ഒളിമ്പ്യന്‍ ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷാണ് ലോകകപ്പിലെ മലയാളി സാന്നിധ്യം. മെഡല്‍ പട്ടികയില്‍ ഇടംപിടിക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് ശ്രീജേഷ് വ്യക്തമാക്കി. ഇന്ത്യക്ക് ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിക്കൊടുത്ത ആത്മവിശ്വാസമാണു ശ്രീജേഷിന്റെ കൈമുതല്‍. താരത്തിന്റെ നാലാം ലോകകപ്പാണിത്. ഇന്ത്യക്കു വേണ്ടി 224 മത്സരങ്ങളില്‍ ഗോള്‍ വലയം കാത്തു.

48 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. 1971 ലെ പ്രഥമ ലോകകപ്പില്‍ വെങ്കലും തൊട്ടടുത്ത ലോകകപ്പില്‍ വെള്ളിയും നേടാന്‍ ഇന്ത്യക്കായി. 1975 ല്‍ ജേതാക്കളുമായി. 1978 മുതല്‍ 2014 വരെ ഇന്ത്യക്ക് നോക്കൗട്ടില്‍ കടക്കാനായില്ല. ലോക ആറാം നമ്പറായ ഇന്ത്യക്ക് ഒന്നാം നമ്പറായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ വിറപ്പിച്ച ആത്മവിശ്വാസവും കൂടെയുണ്ട്. ഓസ്‌ട്രേലിയ പരമ്പര 4-1 നു ജയിച്ചെങ്കിലും ഗ്രഹാം റീഡിന്റെ ശിഷ്യന്‍മാരുടെ പ്രകടനം മികച്ചതായിരുന്നു. ഭുവനേശ്വറില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പുറത്തായി. ഹോളണ്ടാണ് അന്ന് ഇന്ത്യയെ തോല്‍പ്പിച്ചത്. 2019 ല്‍ റീഡ് കോച്ചായ ശേഷം ടീമിന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടു. നായകനും പ്രതിരോധ താരവുമായ ഹര്‍മന്‍പ്രീത് സിങ് മികച്ച ഡ്രാഗ് ഫ്‌ളിക്കര്‍മാരില്‍ ഒരാളാണ്. ഗോള്‍ കീപ്പര്‍ ശ്രീജേഷിന്റെ കരുത്തുറ്റ കരങ്ങളും മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിങ്ങിന്റെയും സ്‌ട്രൈക്കര്‍ മന്‍ദീപ് സിങ്ങിന്റെയും സാന്നിധ്യം മത്സരം ഇന്ത്യയുടെ പ്ലസ് പോയിന്റാണ്. പ്രതിരോധ താരം മുന്‍ നായകന്‍ അമിത് രോഹിദാസ്, സ്‌ട്രൈക്കര്‍ അക്ഷദീപ് സിങ് എന്നിവരും തങ്ങളുടെ ദിവസത്തില്‍ തിളങ്ങുന്നവര്‍ തന്നെ. ലോക എട്ടാം സ്ഥാനക്കാരായ സ്‌പെയിന്‍ നിസാരക്കാരല്ല. 1971, 1998 ലോകകപ്പുകളില്‍ റണ്ണര്‍ അപ്പായ അവര്‍ 2006 ല്‍ വെങ്കലവും നേടി. അര്‍ന്റീനയുടെ മുന്‍ താരം മാക്‌സ് കാള്‍ഡസ് കോച്ചായ സ്പാനിഷ് നിരയെ നയിക്കുന്നത് ആല്‍വാരോ ഇഗ്‌ലെസിയാസാണ്. പ്രോ ലീഗില്‍ ഇന്ത്യക്കെതിരേ നടന്ന രണ്ട് മത്സരങ്ങളിലും ജയിക്കാന്‍ അവര്‍ക്കായി. ഇന്ത്യയും സ്‌പെയിനും തമ്മില്‍ 1948 മുതല്‍ ഇതുവരെ 30 മത്സരങ്ങള്‍ കളിച്ചു.
നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ബെല്‍ജിÿയത്തിന്റെ ആദ്യ മത്സരം 14/01/23 ശനിയാഴ്ചയാണ്. പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ അവര്‍ ദക്ഷിണ കൊറിയയെ നേരിടും.

Share
അഭിപ്രായം എഴുതാം