കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ തകര്‍പ്പന്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ തകര്‍പ്പന്‍ മുന്നേറ്റം.തുടര്‍ച്ചയായ എട്ടു ജയങ്ങളുമായി അവര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് 3-1 ന് ജംഷഡ്പുര്‍ എഫ്.സിയെ തോല്‍പ്പിച്ചു. 12 കളികളില്‍നിന്ന് 25 പോയിന്റുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം. ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റിക്ക് 30 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്.സിക്ക് 28 പോയിന്റുമാണ്.
12 കളികളില്‍നിന്ന് അഞ്ച് പോയിന്റ് മാത്രമുള്ള ഇംഷഡ്പുര്‍ പത്താം സ്ഥാനത്താണ്. മൂന്ന് പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് അവര്‍ക്കു പിന്നിലുള്ള ഏക ടീം.ഒന്‍പതാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. അപോസ്‌തോലു ജിയാനുവാണ് ഗോളടിച്ചത്. ദിയമന്റകോസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ജിയാനുവിന്റെ സീസണിലെ രണ്ടാമത്തെ ഗോളാണിത്. ആദ്യ നാലു മിനിറ്റില്‍ തന്നെ മികച്ച രണ്ട് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി. ദിമിത്രിയോസും ലെസ്‌കോവിചും ചേര്‍ന്നു പെനാല്‍റ്റി ബോക്‌സില്‍ നടത്തിയ ഒരു നീക്കം ഗോളായി മാറിയില്ല. 17-ാം മിനിറ്റില്‍ കിട്ടിയ ഒരു അവസരം മുതലെടുത്ത് ജംഷഡ്പൂര്‍ സമനില നേടി. ഡ്രൈസ് ചിമയാണ് സമനില ഗോളടിച്ചത്. 29-ാം ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി. ജെസലിന്റെ ഒരു ക്രോസില്‍നിന്ന് ലഭിച്ച ഹാന്‍ഡ് ബോള്‍ ആണ് പെനാല്‍റ്റിക്കു കാരണം. ദിമിത്രിസ് ദിയമന്റകോസിന്റെ കിക്ക് പിഴച്ചില്ല.

താരത്തിന്റെ സീസണിലെ ആറാം ഗോളായിരുന്നു അത്. ശേഷവും നിരവധി അവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് സൃഷ്ടിച്ചു. പക്ഷെ ഗോളുകള്‍ അധികം പിറന്നില്ല. 66 -ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ വീണു.ഒന്‍പതാം സീസണില്‍ കണ്ട ഏറ്റവും മികച്ച ടീം ഗോളാണു പിറന്നത്.മധ്യനിരയില്‍നിന്ന് ലൂണയാണ് മുന്നേറ്റം തുടങ്ങിയത്. വണ്‍ ടച്ച് പാസുകളുമായി ലൂണ മുന്നേറി. പെനാല്‍റ്റി ബോക്‌സിന് തൊട്ടു മുന്നില്‍ വച്ച് ദിമത്രസിന്റെ കാലിലേക്ക് ബാക്ക് ഫ്‌ളിക്ക്. അവിടെനിന്നു ജിയാനുവിലേക്ക്. ജിയാന്നു മറ്റൊരു ബാക്ക് ഹീല്‍ പാസിലൂടെ ബോക്‌സിലേക്ക് ഓടിയെത്തിയ ലൂണയ്ക്കു നല്‍കി. ലൂണയുടെ ഫസ്റ്റ് ടച്ച് വലയില്‍. ഗോളിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമാനോവിച് ചില മാറ്റങ്ങള്‍ വരുത്തി. നിഹാല്‍ സുധീഷ് സഹല്‍ സമദിനും ജിയാനുവിനു പകരം വിക്ടര്‍ മോന്‍ഗിലും കളത്തിലിറങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →