മുംബൈ: നവവത്സരത്തിലെ ആദ്യ വ്യാപാരദിനത്തില്‍ ഇന്ത്യന്‍ ഓഹരിവിപണികളില്‍ നേട്ടം. ബോംബെ സെന്‍സെക്സ് 327.05 പോയിന്റുയര്‍ന്ന് 61,167.79 പോയിന്റിലും നിഫ്റ്റി 92.15 പോയിന്റ് നേട്ടത്തില്‍ 18,197.45 പോയിന്റിലും ഇടപാടുകള്‍ അവസാനിപ്പിച്ചു. യൂറോപ്യന്‍ വിപണികളിലെ അനുകൂല തരംഗത്തിനൊപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ. ബാങ്ക് ഉള്‍പ്പെടെയുള്ള വമ്പന്മാരുടെ മികച്ച പ്രകടനവും ഇന്ത്യന്‍ വിപണികള്‍ക്ക് പുതുവര്‍ഷത്തില്‍ നേട്ടം സമ്മാനിച്ചു.
ജി.എസ്.ടി. വരുമാനത്തില്‍ കഴിഞ്ഞമാസം വന്വര്ധനയുണ്ടായെന്ന കണക്കുകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തി. രാജ്യത്തെ ഉല്പാദന, ഉപഭോക്തൃരംഗം ഉണര്‍വിന്റെ പാതയിലാണെന്നതിലേക്കു വിരല്‍ചൂണ്ടുന്നതാണ് ജി.എസ്.ടി. വരുമാനവര്‍ധന. ഇതിനൊപ്പം രാജ്യത്തെ നിര്‍മാണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ 13 മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണെന്ന റിപ്പോര്‍ട്ടും വിപണിക്കു തുണയായി.
റിലയന്‍സിനും ഐ.സി.ഐ.സി.ഐക്കും പുറമേ ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍.ടി.പി.സി, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ സെന്‍സെക്സിനു കരുത്തേകി.ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റന്, ടെക് മഹീന്ദ്ര, നെസ്ലെ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവയ്ക്കു പുത്തന്‍വര്‍ഷത്തിലെ ആദ്യ വ്യാപാരദിനം തിരിച്ചടിയുടേതായി.

