സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സജി ചെറിയാന്‍ നടത്തിയ ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ പൊലീസ് അന്വേഷിച്ചാല്‍ എങ്ങനെയാണ് തെളിവ് കിട്ടുകയെന്നും ചെന്നിത്തല ചോദിച്ചു. ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ രാജിവച്ച സജി ചെറിയാന്‍ എംഎല്‍എയെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനം.ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തിലും ചെന്നിത്തല പ്രതികരിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് നടന്ന അഴിമതികളുടെ അറ്റം മാത്രമാണ് പി ജയരാജന്‍ ഉന്നയിച്ചത്. ജയരാജനെതിരെ ഉയര്‍ന്ന ആരോപണം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.ഹിന്ദു അമ്പലത്തില്‍ പോയാലോ തിലക കുറിയിട്ടാലോ അവരെ മൃദു ഹിന്ദുത്വവാദിയാക്കുന്നത് ശരിയല്ല. ഇത്തരം പ്രചാരണങ്ങള്‍ മോദിയെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരാന്‍ മാത്രമേ സഹായിക്കൂവെന്ന എ കെ ആന്റണിയുടെ പരാമര്‍ശത്തെയും ചെന്നിത്തല അനുകൂലിച്ചു. മൃദുഹിന്ദുത്വ സമീപനം എന്നൊരു സമീപനം ഇല്ല. ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സിപിഎമ്മാണ് വര്‍ഗീയതയെ അനുകൂലമാക്കി നിര്‍ത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക് ഡ്രില്ലിനിടയില്‍ യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →