മോസ്കോ: യുക്രൈന് യുദ്ധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിമര്‍ശനത്തിനിരയായ മുന്‍ റഷ്യന്‍ കമാന്‍ഡര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ജനറല്‍ അലക്സി മാസ്ലോവാണ് (68) ക്രിസ്മസ് ദിനത്തില്‍ മോസ്കോ സൈനികാശുപത്രിയില്‍ മരിച്ചത്.മാസ്ലോവ് മേധാവിയായിരുന്ന ടാങ്ക് നിര്‍മാണ കമ്പനിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള മരണം.
പുടിന് സന്ദര്‍ശിക്കാനിരുന്ന ഉറാല്വാഗോണ്സാവോദ് പ്ലാന്റിന്റെ ചുമതലക്കാരനായിരുന്നു മാസ്ലോവ്. യുക്രൈന് യുദ്ധത്തിനാവശ്യമായ ടാങ്കുകള്‍ നിര്മിച്ചുനല്കാന് പരാജയപ്പെട്ടതിന്റെ പേരില്‍ റഷ്യന്‍ സര്‍ക്കാരിന്റെ വിമര്‍ശനമേറ്റുവാങ്ങിയ കമ്പനിയാണിത്. വാസ്ലോവിന്റെ മരണത്തിനു തലേന്നാണ് ഇവിടേക്കുള്ള സന്ദര്‍ശനം കാരണം കൂടാതെ പുടിന് റദ്ദാക്കിയത്. അതിനിടെ, സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ അഡ്മിറാലിറ്റി കപ്പല്‍ശാലയുടെ ജനറല്‍ ഡയറക്ടര്‍ അലക്സാണ്ടര്‍ ബുസാകോ(65)വും സമാനസാഹചര്യത്തില്‍ മാസ്ലോവിനു മുമ്പ് മരണമടഞ്ഞിരുന്നു.
48 മണിക്കൂറിന്റെ ഇടവേളയിലായിരുന്നു രണ്ടു മരണങ്ങളും. ഇരുവര്‍ക്കും ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. 2004-08 കാലയളവില്‍ റഷ്യന്‍ കരസേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായിരുന്നു മാസ്ലോവ്. അദ്ദേഹം പിന്നീടു ബ്രസല്‍സില്‍ നാറ്റോയുടെ റഷ്യന്‍ സൈനികപ്രതിനിധിയായി. നാറ്റോയില്‍ പുടിന്റെ അടുപ്പക്കാരനായ ദ്മിത്രി റോഗോസിന്റെ സഹപ്രവര്‍ത്തകനുമായിരുന്നു മാസ്ലോവ്.