തൃശ്ശൂർ: സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് തങ്ങൾ അറിയാതെ രണ്ടുകോടി രൂപ എത്തിയപ്പോൾ ചെറുപ്പക്കാർ ഒന്ന് അന്ധാളിച്ചു. പിന്നെ അർമാദിച്ച് ചെലവാക്കാൻ തുടങ്ങി. ഒടുവിൽ ആപ്പിലാകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നിവർ അറസ്റ്റിലായി. 2.44 കോടി രൂപയാണ് ഇവർ ചെലവാക്കിയത്. സൈബർ ക്രൈം പോലീസാണ് ഇവരെ പിടികൂടിയത്.
പുതുതലമുറ ബാങ്കുകളിലൊന്നിലാണ് സംഭവം. അറസ്റ്റിലായവരിൽ ഒരാൾക്ക് ഇവിടെ അക്കൗണ്ട് ഉണ്ടായിരുന്നു. ദിവസങ്ങൾക്കുമുമ്പാണ് ഈ അക്കൗണ്ടിലേക്ക് കൂടുതൽ പണം എത്തിയത്. കോടികൾ അക്കൗണ്ടിലായതോടെ ഇവർ മത്സരിച്ച് ചെലവാക്കാനും തുടങ്ങി. ചെലവാക്കുംതോറും പണം പിന്നെയും വന്നു. ഇതുപയോഗിച്ച് ഫോൺ ഉൾപ്പെടെ പലതും വാങ്ങി.
ഷെയർ മാർക്കറ്റിലും മറ്റും പണമിറക്കി. കടങ്ങൾ വീട്ടി. ട്രേഡിങ് നടത്തി. എല്ലാംകൂടി 2.44 കോടി ചെലവാക്കി. ഘട്ടംഘട്ടമായി എത്തിയ പണത്തിന്റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. 171 ഇടപാടുകളാണ് നടത്തിയത്. ബാങ്കിന്റെ പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടപ്പോൾ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

