കൊച്ചി: നഗരത്തിൽ ബാലവേല തടയാൻ തുടർനടപടികൾ ഉറപ്പാക്കാതെ സിറ്റി പൊലീസ്. നഗരത്തിൽ ബ്രോഡ് വേയിലടക്കം കച്ചവടത്തിനായി കൂടുതൽ കുട്ടികൾ എത്തി തുടങ്ങി. നഗരത്തിൽ കച്ചവടത്തിന്റെ മറവിൽ കുട്ടികളെ ഉപയോഗിച്ച് ലഹരിവില്പന നടക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇത് അവസാനിപ്പിക്കാൻ പരിശോധനകൾ ഒന്നും നടക്കുന്നില്ല.
ആദ്യമൊന്ന് കൊഞ്ചി പറയും. നിഷകളങ്കമായി ചിരിക്കും. പിന്നെയത് ഒരു കെഞ്ചലാകും. കയ്യിൽ തൂങ്ങിയും കാലിൽ വീണും വരെ പണം നൽകി സാധനം വാങ്ങണേ എന്ന് നിർത്താതെ പറഞ്ഞ് കൊണ്ടേ ഇരിക്കും. ഒടുവില്‍ നിവര്‍ത്തിയില്ലാതെ ആളുകള്‍ സാധനം വാങ്ങും. വെയിലും ചൂടുമൊക്കെ ആലോചിച്ച് ആളുകള്‍ കാണിക്കുന്ന മനസ് അലിവ് മുതലെടുത്താണ് കൊച്ചി നഗരത്തില്‍ കുട്ടികളെ ഉപയോഗിച്ചുള്ള സാധനം വില്‍പന.
ക്രിസ്മസ് വിപണി സജീവമായതോടെയാണ് നഗരത്തിൽ ബാലവേലയും കൂടിയത്. ബ്രോഡ് വേയുടെ എല്ലാ മുക്കിലും മൂലയും കാണാം പത്ത് വയസ്സിൽ താഴെ ഉള്ള കുട്ടികളെ വരെ. ഇവരുടെ ദൃശ്യങ്ങളെടുക്കുന്നുവെന്ന് മനസ്സിലായാൽ മുതിർന്നവർ വന്ന് കുട്ടികളെ മൂടും. പിന്നാലെ മറ്റ് ഇടങ്ങളിലേക്ക് കൊണ്ട് പോകും. ഇങ്ങനെ എത്തുന്ന ചിലർക്കൊപ്പം മാതാപിതാക്കളുണ്ട്.
എന്നാൽ നഗരമേഖല കേന്ദ്രീകരിച്ച് കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടത്തുന്ന വലിയ സംഘം ഇവർക്ക് പിന്നിലുണ്ടെന്നാണ് വിവരം. ബാലവേലയുടെ മറവിൽ കുട്ടികളെ ഉപയോഗിച്ച് ലഹരി വില്പനയും നടക്കുന്നുവെന്ന് കൊച്ചി പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നവംബർ 29ന് പരിശോധന തുടങ്ങിയത്. അന്ന് കണ്ടെടുത്ത കുട്ടികളെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. എന്നാൽ ആദ്യദിവസത്തെ പരിശോധനകൾക്ക് ശേഷം പിന്നീട് ഒന്നും നടന്നില്ലെന്നതാണ് വസ്തുത.