ജീവിതത്തില്‍ നിസ്സഹായരായിത്തീരുന്നവര്ക്ക് പലപ്പോഴും ഉറക്കെ നിലവിളിക്കാന്‍ കഴിയാതെയാവും. എന്നാല്‍ നിലപാടുകള്‍കൊണ്ട് ഇവര്‍ അടയാളപ്പെടുത്തുകയും ചെയ്യും. അത്തരം നിലപാടാണ് മഹേഷ് നാരായണന് രചനയും സംവിധാനവും നിര്‍വഹിച്ച അറിയിപ്പ് എന്ന ചലച്ചിത്രം. എല്ലാറ്റില്‍ നിന്നുള്ള മോചനത്തിനായി സൗഭാഗ്യങ്ങളിലേക്ക് സന്ധി ചെയ്യുന്ന ഒരാള്‍ക്ക് മോചനവും സമാധാനവും എന്നും അകലെയായിരിക്കുമെന്ന് സിനിമ ഓര്‍മപ്പെടുത്തുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഒരു മെഡിക്കല്‍ ഗ്ലൗസ് നിര്‍മാണ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ദമ്പതികളായ ഹരീഷിന്റേയും രശ്മിയുടെയും ചെറിയ ജീവിതത്തിലേക്ക് കടന്നുവരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അറിയിപ്പിലൂടെ മഹേഷ് നാരായണന് അവതരിപ്പിക്കുന്നത്. ഒരു കാര്യത്തിലും ഉറച്ച തീരുമാനമെടുക്കാതെ ഉഴലുന്നു ഹരീഷ്. എന്നാല്‍ രശ്മിയാകട്ടെ സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തേണ്ടത് തന്റെ കാഴ്ചകളിലൂടെയാണെന്ന് തീരുമാനിക്കുന്നു. വിരലില്‍ കുടുങ്ങിപ്പോയ മോതിരത്തില്‍ നിന്നുള്‍പ്പെടെ മോചനം നേടാന്‍ ഈ നിലപാടിന് കഴിയുന്നു. ജോലിക്ക് ബുദ്ധിമുട്ടായിട്ടുപോലും ഊരിയെടുക്കാന്‍ സാധിക്കാതിരുന്ന ആ മോതിരം എത്ര പെട്ടെന്നാണ് രശ്മിക്ക് മുറിച്ചു മാറ്റാനായത്. നിലപാടുകളാണ് അടയാളപ്പെടുത്തലുകളെന്ന് ‘അറിയിപ്പ്’ ഓരോ പ്രേക്ഷകനേയും ഓര്‍മിപ്പിക്കുന്നു.
വിദേശ ജോലി സ്വപ്നം കണ്ട് ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളിലെത്തിയ ദമ്പതികള്‍ക്ക് കൊവിഡും അനുബന്ധ സംഗതികളും യാത്ര മുടക്കിയപ്പോള്‍ അവര്‍ ഗ്ലൗസ് ഫാക്ടറിയില്‍ ജോലി തേടുകയും ഒറ്റ മുറിയുടെ അകത്തളത്തിലേക്ക് ഒതുങ്ങുകയും ചെയ്യുന്നു. നാട്ടിലേക്കു പോലും പോകാതെ പകല്‍ ജോലി ചെയ്യുന്ന ഭാര്യയും രാത്രി ഷിഫ്റ്റുകാരനായ ഭര്‍ത്താവും ചേര്‍ന്ന് നടത്തുന്ന അതിജീവന ശ്രമങ്ങളെ പെട്ടെന്നൊരു സംഭവം തകര്‍ത്തെറിയുന്നു. മലയാള സിനിമാ പ്രേക്ഷകര്‍ക്ക് തീരെ പരിചിതമല്ലാത്ത അന്തരീക്ഷമാണ് അറിയിപ്പിലേത്. നോയിഡയും ഗാസിയാബാദും ഉത്തര്‍പ്രദേശ് പൊലീസുമെല്ലാം ചേരുന്ന സിനിമയില്‍ മലയാളം പോലെ ആശയവിനിമയത്തിന് ഹിന്ദിയും ഇടക്കെപ്പോഴെങ്കിലും തമിഴും കടന്നുവരുന്നുണ്ട്. ഒരേസമയം ഒന്നിലേറെ ഭാഷകളുടെ കടന്നുവരവ് പ്രേക്ഷകരില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
വിദേശ ജോലിക്കുള്ള തൊഴില്‍ പരിചയ വീഡിയോയായി ഭര്‍ത്താവ് ഹരീഷ് ചിത്രീകരിച്ച രശ്മിയുടെ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ദൃശ്യങ്ങളോടൊപ്പം അതേ ഫാക്ടറിയില്‍ ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ കൂടി എഡിറ്റ് ചെയ്ത് ചേര്‍ത്ത് കമ്പനി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നതോടെയാണ് ഇവരുടെ ജീവിതം മാറിമറിയുന്നത്. എഡിറ്റ് ചെയ്ത വീഡിയോ തന്റേതല്ലെന്ന് തെളിയിക്കാന്‍ രശ്മി നടത്തുന്ന പെടാപാടുകള്‍ക്ക് ആദ്യം ഭര്‍ത്താവ് കൂട്ടിനുണ്ടെങ്കിലും പിന്നെ അയാളും കൈവിടുന്നതോടെ തന്റെ നിരപരാധിത്വം സ്ഥാപിക്കേണ്ടത് അവളുടെമാത്രം ആവശ്യമായി തീരുന്നു. അതിനായി പോരാടുന്ന രശ്മി ഒടുവില്‍ അതില്‍ വിജയിക്കുന്നു. അതിനിടയിലുണ്ടാകുന്ന നഷ്ടങ്ങളെല്ലാം തീരാനഷ്ടങ്ങളായി കണക്കാക്കേണ്ടതില്ലെന്ന് ജീവിതം അപ്പോഴേക്കും അവളെ പഠിപ്പിച്ചിരുന്നു.
രശ്മി നേരിട്ട പ്രതിസന്ധികള്‍ക്ക് ഹരീഷിന് ഒടുവില്‍ നേട്ടമുണ്ടായെന്ന് കരുതുമ്പോഴും ഹരീഷല്ല, രശ്മിയാണ് മനസമാധാനം നേടിയതെന്നും ഹരീഷിന്റെ യാത്രകളോടൊപ്പം അയാളുടെ ദുഃസ്വപ്നങ്ങളും കൂടെയുണ്ടായിരുന്നുവെന്നും സിനിമ വെളിപ്പെടുത്തുന്നു. പ്രതിസന്ധികളിലകപ്പെടുന്ന പെണ്‍കുട്ടികളോട് നിസഹായമായി പിന്മാറാന് ആവശ്യപ്പെടുന്ന ബഹുഭൂരിപക്ഷത്തോടു മല്ലടിച്ച് താന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്ന രശ്മി പുതിയ കാലത്തിന്റെ പ്രതീകമായി മാറുന്നു. ഹരീഷായി കുഞ്ചാക്കോ ബോബനും രശ്മിയായി ദിവ്യപ്രഭയുമാണ് വെള്ളിത്തിരയില്‍.
സംവിധായകന് മഹേഷ് നാരായണന് തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാധാകൃഷ്ണനോടൊപ്പം എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട് സംവിധായകന്. നിസ്സഹായമായ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന തരത്തില്‍ സുഷിന് ശ്യാം ചെയ്ത സംഗീതവും സാനു ജോണ്‍ വര്‍ഗീസിന്റെ ക്യാമറയും എടുത്തുപറയേണ്ട സവിശേഷതകളാണ്. മഹേഷ് നാരായണന്റെ മൂവിംഗ് നറേറ്റീവ്സുമായി ചേര്‍ന്ന് കുഞ്ചാക്കോ ബോബന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷബിന് ബക്കറുമാണ് അറിയിപ്പ് നിര്‍മിച്ചത്.