ജോലി നേടാം നാടിനൊപ്പം – തൊഴില്‍സഭയ്ക്ക് മഞ്ഞള്ളൂരില്‍ തുടക്കം

ജോലി നേടാം നാടിനൊപ്പം എന്ന ആശയവുമായി മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ ആരംഭിച്ചു. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ചേര്‍ന്ന ആദ്യ തൊഴില്‍ സഭ  പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന് കീഴില്‍ ഡിസംബര്‍ 30 വരെയാണ് വിവിധ വാര്‍ഡുകളില്‍ തൊഴില്‍സഭ സംഘടിപ്പിക്കുന്നത്. 27 ന് 11, 12, 13 വാര്‍ഡുകളിലെയും 28ന് ഒന്ന്, രണ്ട്, മൂന്ന്, നാല് വാര്‍ഡുകളിലെയും തൊഴില്‍സഭ പഞ്ചായത്ത് ഹാളില്‍ ചേരും.  29 ന് അഞ്ച്, ആറ് വാര്‍ഡുകളിലെ തൊഴില്‍സഭ മണിയന്തടം കമ്മ്യൂണിറ്റി ഹാളിലും 30 ന് എട്ട്, ഒന്‍പത്, പത്ത് വാര്‍ഡുകളിലെ കാപ്പ് എല്‍പി സ്‌കൂളിലും നടത്തും. 

ജാലകം ആപ്ലിക്കേഷന്‍ വഴി പഞ്ചായത്തില്‍ ഇതുവരെ 2185 പേരാണ് തൊഴില്‍സഭയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ വൈദഗ്ധ്യത്തിന്റെയും അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതാത് ഗ്രൂപ്പുകള്‍ വഴി കൈമാറിയാണ് നിയമനം നടത്തുന്നത്. സ്വയംതൊഴില്‍ ഉള്‍പ്പടെ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായങ്ങളും തൊഴില്‍ സഭകള്‍ വഴി ലഭ്യമാക്കും. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍  (കില) റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തിലാണ് പരിശീലനം. 

പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ മുന്‍ഗണന നല്‍കിയിട്ടുള്ള പ്രാദേശിക സാമ്പത്തിക വികസനത്തിന്  അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍സഭ ചേരുന്നത്. തൊഴില്‍ അന്വേഷിച്ചവര്‍ക്ക് സംരംഭക,  പരിശീലന സാധ്യതകള്‍ പരിചയപ്പെടുത്തുകയാണ് തൊഴില്‍ സഭയില്‍. 

പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന് തൊഴില്‍സഭയില്‍ ഏഴാം വാര്‍ഡ് മെമ്പര്‍ ജയ സന്തോഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കല്‍ വാര്‍ഡ് മെമ്പര്‍മാരായ രതീഷ് മോഹനന്‍, സെലിന്‍ ഫ്രാന്‍സിസ്, കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ സിന്ധു അശോകന്‍, പി. കെ. രാജേന്ദ്രന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →