ആര്‍.എസ്.എസിനെയോ മോദിയേയോ ഭയമില്ല: പാക് മന്ത്രി ബിലാവല്‍ ഭൂട്ടോ

കറാച്ചി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ ആര്‍.എസ്.എസിനെയോ തനിക്ക് ഭയമില്ലെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ. മോദിക്കെതിരേ ബിലാവല്‍ നടത്തിയ പ്രസ്താവനയോട് ഇന്ത്യയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

മോദിക്കെതിരേ താനുപയോഗിച്ച വാക്ക് തന്റെ സൃഷ്ടിയല്ലെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ ഉപയോഗിക്കുന്നതാണെന്നും ബിലാവല്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഗുജറാത്തില്‍ നിര്‍വഹിച്ച പങ്കെന്താണെന്നതിനു ചരിത്രം സാക്ഷിയാണ്. ആര്‍.എസ്.എസും ബി.ജെ.പിയും എത്ര കടുപ്പത്തില്‍ പ്രതിഷേധിച്ചാലും അവര്‍ക്കു ചരിത്രം തിരുത്താനാവില്ല- ബിലാവലിനെ ഉദ്ധരിച്ച് പാക് ദിനപത്രം ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തു.

ഭീകരവാദത്തെച്ചൊല്ലി ഐക്യരാഷ്ട്രസംഘടനയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ രൂക്ഷമായ വാഗ്വാദത്തിനിടെയാണു ബിലാവല്‍ പ്രധാനമന്ത്രി മോദിയെ വ്യക്തിപരമായി ആക്ഷേപിച്ചത്. ഒസാമ ബിന്‍ ലാദന് ആതിഥ്യമരുളിയ പാകിസ്താനെ ജയ്ശങ്കര്‍ വിമര്‍ശിച്ചതിനു പിന്നാലെയായിരുന്നു ഇത്. ഹിറ്റ്‌ലറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ആര്‍.എസ്.എസിന്റെ വിദേശകാര്യമന്ത്രിയാണ് ജയ്ശങ്കറെന്ന് ബിലാവല്‍ ആരോപിച്ചു.

ബിലാവലിന്റെ സംസ്‌കാരമില്ലാത്ത വാക്കുകള്‍ പാകിസ്താനുപോലും നാണക്കേടാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ബിലാവലിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകള്‍ രാജ്യത്തുടനീളം അദ്ദേഹത്തിന്റെ കോലം കത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →