ജപ്പാൻ വരെ എത്താൻ ശേഷിയുള്ള മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ

നോർത്ത് കൊറിയ: മിസൈൽ പരീക്ഷണം തുടർന്ന് ഉത്തര കൊറിയ. ജപ്പാൻ വരെ എത്താൻ ശേഷിയുള്ള 2 ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ടോങ്ചാൻഗ്രി പ്രദേശത്ത് നിന്ന് 500 കിലോമീറ്റർ സഞ്ചരിച്ച് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഇടയിൽ ഇവ കടലിൽ പതിച്ചതായാണ് വിവരം. ഉത്തരകൊറിയയ്ക്കും ചൈനയ്ക്കുമെതിരെ 16/12/22 വെള്ളിയാഴ്ച ജപ്പാൻ പുതിയ ദേശീയ സുരക്ഷാ തന്ത്രം ആവിഷ്കരിച്ചതിനു മറുപടിയായാണ് മിസൈൽ പരീക്ഷണമെന്ന് അഭ്യൂഹമുണ്ട്.

യുഎസിൽ വരെ എത്താൻ ശേഷിയുള്ള മിസൈലുകൾ വികസിപ്പിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ട് ദിവസങ്ങൾക്കു ശേഷമാണു പുതിയ മിസൈലിന്റെ പരീക്ഷണം. അതേസമയം മിസൈൽ പരീക്ഷണത്തെ ദക്ഷിണകൊറിയയുടെ അടിയന്തര സൈനിക യോഗം അപലപിച്ചു. പുതിയ സാഹചര്യത്തിൽ യു എസുമായും ജപ്പാനുമായും ചേർന്നു ത്രിരാഷ്ട്ര സുരക്ഷാ സഹകരണം വർധിപ്പിക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.

എന്നാൽ യുഎസ്-ദക്ഷിണ കൊറിയ സൈനിക അഭ്യാസങ്ങളെ നേരിടാനുള്ള സ്വയം പ്രതിരോധ നടപടിയായി ഉത്തര കൊറിയ ആയുധപരീക്ഷണത്തെ ന്യായീകരിച്ചു. ഇതിനിടെ ജപ്പാന്റെയും മേഖലയുടെയും സുരക്ഷയ്ക്കു ഭീഷണിയായ ഉത്തരകൊറിയയെ ജപ്പാൻ ഉപ പ്രതിരോധമന്ത്രി വിമർശിച്ചു.

Share
അഭിപ്രായം എഴുതാം