ബഫര്‍ സോണ്‍: ജനവാസകേന്ദ്രങ്ങളിലെ സ്വൈരജീവിതം മുഖ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: ബഫര്‍ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് സ്വൈരജീവിതം തുടരാന്‍ കഴിയണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ബഫര്‍ സോണിന്റെ പേരില്‍ വിവേചനമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
ബഫര്‍ സോണ്‍ സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവ് എങ്ങനെ ബാധിക്കുമെന്നത് ജനതാല്‍പര്യം മുന്‍നിര്‍ത്തി കോടതിയില്‍ പറയാനും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താനും സര്‍ക്കാര്‍ തയാറായി. നേരത്തെ കോടതി ഉത്തരവിന്റെ ഭാഗമായി റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ടായിരുന്നു. അതു വേഗത്തിലാക്കാനാണ് ഉപഗ്രഹ സര്‍വേ നടത്തിയത്.സദുദ്ദേശം മാത്രമാണതിനു പിന്നില്‍. ഉപഗ്രഹ സര്‍വേയില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെട്ടിട്ടില്ല എന്ന ബോധ്യത്തെത്തുടര്‍ന്നു സര്‍വേ ഫലം അന്തിമ രേഖയില്ലെന്ന നിലപാടെടുത്തു.

പ്രാദേശിക പ്രത്യേകതകള്‍ പഠിക്കാന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധിപനായി വിദഗ്ധ സമിതിയെ നിയോഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ വാര്‍ഡടിസ്ഥാനത്തില്‍ രേഖപ്പെടുത്താന്‍ അവസരം നല്‍കി.ഇങ്ങനെ റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. എന്നാല്‍ ഇതൊന്നുമല്ല നടക്കുന്നതെന്നു വരുത്തി തീര്‍ക്കാനാണു ശ്രമം. നാടിന്റെയും ജനങ്ങളുടെയു താല്‍പര്യം സംരക്ഷിക്കാന്‍ എല്ലാവരുടേയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →