തേഞ്ഞിപ്പലം: ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമെന്ന് ആക്ഷേപം. അഫിലിയേറ്റഡ് കോളജുകളിലും യൂണിവേഴ്‌സിറ്റി പഠനവകുപ്പിലും ഉള്ള വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് അതത് കോളജിന്റെയോ ഡിപ്പാര്‍ട്ട്‌മെന്റിന്റെയോ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണു യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ വ്യക്തിപര ഡാറ്റയാണു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന മാര്‍ക്ക് വളരെ നിര്‍ണായകവും സുപ്രധാനമാണ്. ഇത് പൊതു വെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശങ്ങളുടെ ലംഘനമായെ കാണാനാകൂവെന്നും കാലിക്കറ്റ് സര്‍വകലാശാല പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. റഷീദ് അഹമ്മദ് വൈസ് ചാന്‍സലര്‍ക്ക് കത്തുനല്‍കി.
ഒരു വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് സുപ്രീംകോടതി നിരവധി കേസുകളില്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

