ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് 2021 (ഡിസംബര്‍ 2021) കണക്കുപ്രകാരം രാജ്യത്തിന്റെ ഫോറസ്റ്റ് കവര്‍ 8,09,537 ചതുരശ്രകിലോമീറ്ററാണ്. ഇത് രാജ്യത്തിന്റെ ഭൂപ്രദേശവിസ്തൃതിയുടെ 24.62 ശതമാനമാണ്. എന്നാല്‍ കേരളസംസ്ഥാനത്തിന്റെ ഫോറസ്റ്റ് കവര്‍ മൊത്തം ഭൂപ്രദേശത്തിന്റെ 54.7 ശതമാനമാണ്. ഇത് ദക്ഷിണ-മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെച്ച് ഉയര്‍ന്നതാണ്. ഫോറസ്റ്റ് ഏരിയയും ഫോറസ്റ്റ് കവറും എന്താണെന്ന് അറിയാം.
എന്താണ് ഫോറസ്റ്റ് ഏരിയ
റെക്കോര്‍ഡഡ് ഫോറസ്റ്റ് ഏരിയ എന്നതില്‍ സര്‍ക്കാര്‍ റെക്കോര്‍ഡുകളില്‍ ഫോറസ്റ്റ് എന്ന് അടയാളപ്പെടുത്തിയിട്ടുള്ള എല്ലാ ഭൂപ്രദേശങ്ങളും ഉള്‍പ്പെടും. റെക്കോര്‍ഡഡ് ഫോറസ്റ്റ് ഏരിയ കൂടുതലും ഇന്ത്യന്‍ ഫോസ്റ്റ് ആക്ട് 1927, മറ്റ് സംസ്ഥാനഫോറസ്റ്റ് നിയമങ്ങളും അനുസരിച്ച് നിലവില്‍ വന്ന റിസര്‍വ്വ്‌വനങ്ങളും സംരക്ഷിതവനങ്ങളുമാണ്. റിസര്‍വ്വ് വനങ്ങളും സംരക്ഷിതവനങ്ങളും കൂടാതെ റെക്കോര്‍ഡഡ് ഫോറസ്റ്റ് ഏരിയ എന്നതില്‍ റവന്യൂ റെക്കോര്‍ഡുകളില്‍ ഫോറസ്റ്റ് എന്ന് രേഖപ്പെടുത്തിയ എല്ലാ പ്രദേശങ്ങളും അതായത് ഏതെങ്കിലും സംസ്ഥാനനിയമം, പ്രദേശികനിയമം പ്രകാരം വനപ്രദേശം ആയി നിലവില്‍ വന്ന പ്രദേശങ്ങളും ഉള്‍പ്പെടും. ഫോറസ്റ്റ് കവര്‍ എന്നു പറയുന്നതില്‍ കാനോപ്പി അഥവാ മേലാപ്പ് സാന്ദ്രത 10 ശതമാനത്തില്‍ കൂടുതലുള്ള ഒരു ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുള്ള എല്ലാ പ്രദേശങ്ങളും ഉള്‍പ്പെടും. ഇപ്രകാരം ഫോറസ്റ്റ് ഏരിയ ഒരു ഭൂമിയുടെ ലീഗല്‍ സ്റ്റാറ്റസിനെയാണ് സൂചിപ്പിക്കുന്നത്.
എന്താണ് ഫോറസ്റ്റ് കവര്‍
ഇത് ഉടമസ്ഥാവകാശം കണക്കിലെടുക്കാതെ ഒരു ഭൂമിയിലെ മരങ്ങളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. രാജ്യത്തിലെ സംസ്ഥാ
നങ്ങളുടെ ഫോറസ്റ്റ് കവറില്‍ സംഭവിക്കുന്ന മാറ്റം റെക്കോര്‍ഡഡ് ഫോറസ്റ്റ് ഏരിയയിലുണ്ടാകുന്ന മാറ്റം കൊണ്ടു മാത്രമാകണമെന്നില്ല, റെക്കോര്‍ഡഡ് ഫോറസ്റ്റ് ഏരിയയ്ക്ക് പുറത്തുണ്ടാകുന്ന മാറ്റവും കാരണമാകാം.കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ സംബന്ധിച്ച് വനം എന്നു പറയുന്നത് സര്‍ക്കാര്‍ വനങ്ങള്‍ മാത്രമല്ല, കൃഷിക്കാരും മറ്റു വ്യക്തികളും നട്ടുവളര്‍ത്തിയ മരങ്ങളും ഉള്‍പ്പെടുന്നു. ഇവയും ഫോറസ്റ്റ് കവറിന്റെ ഭാഗമാണ്. ഇവയെയും വനമായി കണക്കാക്കുന്നു. തിരശ്ചീനഭൂമിയില്‍ ലംബമായി വിഭാവന ചെയ്യുമ്പോള്‍ കുറഞ്ഞത് ഒരു ഹെക്ടര്‍ വിസ്തൃതിയുള്ള പത്ത് ശതമാനത്തില്‍ കൂടുതല്‍ വിശാലമായ മേലാപ്പ് സാന്ദ്രതയുള്ള എല്ലാ ഭൂമികളും ഫോറസ്റ്റ് കവറില്‍ ഉള്‍പ്പെടുന്നു. ഐഎസ്എഫ് ആര്‍ പ്രകാരമുള്ള ഫോറസ്റ്റ കവറില്‍ മരങ്ങളുടെ വിവിധ ഇനങ്ങളുടെ ഉത്ഭവത്തെപ്പറ്റിയോ (പ്രകൃത്യാ,മനുഷ്യനിര്‍മ്മിത) വിവിധയിനം വൃക്ഷങ്ങളെപ്പറ്റിയോ വ്യത്യാസമൊന്നും പറയുന്നില്ല. മാത്രമല്ല, ഉടമസ്ഥാവകാശം, ഭൂമി ഉപയോഗം, ലീഗല്‍ സ്റ്റാറ്റസ് എന്നിവ കണക്കിലെടുക്കാതെയുള്ള എല്ലാഭൂമികളെയും ഇത് ഉള്‍ക്കൊള്ളുന്നു. ഇപ്പറഞ്ഞ പ്രകാരം മുകളില്‍ പറഞ്ഞ മാനദണ്ഡം പാലിക്കുന്ന മുള, പഴമുണ്ടാകുന്ന മരങ്ങള്‍, റബ്ബര്‍, പ്ലാവ്, മാവ്, തെങ്ങ്, പന തുടങ്ങിയവയും വനം, സ്വകാര്യ, സമൂഹ, സ്ഥാപന ഭൂമിയുള്‍പ്പെടെയുള്ള ഭൂമികളെല്ലാം ഫോറസ്റ്റ് കവര്‍ എന്ന് അറിയപ്പെടുന്നു.
പുത്തന്‍ വനങ്ങളുടെ സ്രഷ്ടാക്കള്‍ കൃഷിക്കാര്‍
യഥാര്‍ത്ഥത്തില്‍ പുത്തന്‍ വനങ്ങളുടെ സ്രഷ്ടാക്കള്‍ കൃഷിക്കാരാണെങ്കിലും അതാരും അംഗീകരിക്കുന്നില്ല. കൃഷിക്കാര്‍ ട്രീകവര്‍ സൃഷ്ടിച്ച് സംരക്ഷിക്കുന്നു കൃഷിക്കാര്‍ വനങ്ങളെ നശിപ്പിക്കുന്നു, വനംവകുപ്പിന് മാത്രമേ ഫോറസ്റ്റ് കവര്‍ സംരക്ഷിക്കാന്‍ കഴിയുകയുള്ളു, അതിനു വേണ്ടിയാണ് വനൃജീവിസങ്കേതങ്ങള്‍ക്കും ദേശീയഉദ്യാനങ്ങള്‍ക്കുംചുറ്റും പരിസ്ഥിതിലോലമേഖല സൃഷ്ടിക്കുന്നത് തുടങ്ങിയ വാദങ്ങള്‍ക്ക് പിന്നിലെ അബദ്ധധാരണ മനസ്സിലാക്കണമെങ്കില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫോറസ്റ്റ് സര്‍വ്വേയിലെ താഴെപ്പറയുന്ന നിര്‍വ്വചനങ്ങളെ കൂടുതല്‍ മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
കാനോപ്പി (മേലാപ്പ്): മരങ്ങളുടെ മുകള്‍പ്പരപ്പിലെ ശാഖകളും നിബിഡമായ ഇലകളും-കാനോപ്പി ഡെന്‍സിറ്റി(മേലാപ്പിന്റെ സാന്ദ്രത )മേലാപ്പിന്റെ ആപേക്ഷികപൂര്‍ണത ദശാംശഗുണകത്തിലാണ് സാധാരണ പറയാറുള്ളത്. ഫോറസ്റ്റ് കവര്‍-മേലാപ്പ് സാന്ദ്രത 10 ശതമാനത്തില്‍ കൂടുതലുള്ളതും ഒരു ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുള്ളതുമായ ഉടമസ്ഥാവകാശവും ലീഗല്‍ സ്റ്റാറ്റസും കണക്കിലെടുക്കാതെ ഫോറസ്റ്റ് കവര്‍ എന്നാണ് വിളിക്കുന്നത്. ഫോറസ്റ്റ് ഏരിയ-ഗവണ്‍മെന്റ് റെക്കോര്‍ഡുകളില്‍ വനപ്രദേശമായ രേഖപ്പെടുത്തിയ പ്രദേശം. ഇതിനെ റെക്കോര്‍ഡഡ് ഫോറസ്റ്റ്ഏരിയയെന്ന് വിളിക്കാറുണ്ട്. റെക്കോര്‍ഡഡ് ഫോറസ്റ്റ് ഏരിയ-ഫോറസ്റ്റ് ഏരിയയില്‍ പറഞ്ഞിരിക്കുന്നത് തന്നെയാണ് ഈ പ്രദേശത്തെക്കുറിച്ചും പറയാനുള്ളത്. അതായത് ഗവണ്‍മെന്റ് റെക്കോര്‍ഡുകളില്‍ വനപ്രദേശമെന്ന് രേഖപ്പെടുത്തിയ പ്രദേശം. റിസര്‍വ്വേ ഫോറസ്റ്റ് ഏരിയ-ഇന്ത്യന്‍ ഫോറസ്റ്റ് ആകട്, മറ്റ് സംസ്ഥാന ഫോറസ്റ്റ് ആക്ടുകള്‍ തുടങ്ങിയവയനുസരിച്ച് നിലവില്‍ വനപൂര്‍ണസംരക്ഷണമുള്ള പ്രദേശങ്ങള്‍. റിസര്‍വ്വ് വനങ്ങളില്‍ മറ്റു രീതിയില്‍ അനുവദിച്ചിട്ടില്ലെങ്കില്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചിരിക്കുന്നു.
ട്രീ കവര്‍-ഫോറസ്റ്റ് കവര്‍– ഒരു ഹെക്ടറില്‍ താഴെയുള്ള ഭൂമി എന്നിവ ഒഴികെയുള്ള റെക്കോര്‍ഡഡ് ഫോറസ്റ്റ് ഏരിയയ്ക്ക് പുറത്തുള്ള മരങ്ങള്‍.
ട്രീസ് ഓട്ടസൈഡ് ഫോറസ്റ്റ്-റെക്കോര്‍ഡഡ് ഫോറസ്റ്റ് ഏരിയയ്ക്ക് പുറത്ത് വളരുന്ന മരങ്ങള്‍.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരം നടുന്ന കര്‍ഷകര്‍ കേരളത്തില്‍
രാജ്യത്തിന്റെ മൊത്തം ഫോറസ്റ്റ് കവര്‍ രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ 24.62 ശതമാനം മാത്രം ആണെന്നിരിക്കെ കേരളത്തില്‍ അത് 54.70 ശതമാനമാണ്. കേരളത്തിലെ കൃഷിക്കാരന്‍ ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതല്‍ മരം നടുകയും കാര്‍ബണ്‍ പിടിച്ചെടുക്കുകയും ചെയ്യുന്നവനാണ്. കേരളത്തിലെ വനങ്ങളുടെ വിശദവിവരങ്ങള്‍ ജില്ല തിരിച്ച് താഴെ പറയുന്നു. നാഷണല്‍ പോസ്റ്റ് പോളിസി, 1988 ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ 33 ശതമാനം ഭൂപ്രദേശം വനമായും ട്രീകവറായും മാറ്റുക എന്നതാണ്. നാഷണല്‍ ഫോറസ്റ്റ് കവര്‍ 24.62 ശതമാനം ആകുമ്പോള്‍ കേരളത്തിലത് 54.7 ശതമാനമാണ്. കേരളത്തില്‍ ഇപ്പറഞ്ഞതിന്റെ 50 ശതമാനം കര്‍ഷകരുടെ സംഭാവനയാണ്. കേരളത്തിലെ കര്‍ഷകര്‍ കേരളത്തിലെ മുഴവന്‍ ഫോറസ്റ്റ് ഫോഴ്‌സ് ചെയ്യുന്നതിനേക്കാളുംകൂടുതല്‍ ട്രീകവര്‍ ഉണ്ടാക്കി പരിപാലനം ചെയ്യുന്നു എന്നാണ് മുകളില്‍ കാണുന്ന ഡാറ്റ തെളിയിക്കുന്നത്. കര്‍ഷകര്‍ മരം നടുന്നത് ഇന്ത്യയിലെ ഏതെങ്കിലും ഫോറസ്റ്റ്, പരിസ്ഥിതി നിയമങ്ങളുടെ സമ്മര്‍ദ്ദം മൂലമോ കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെയോ എന്‍ജിഒ-യുടെ അന്താരാഷ്ട്രഫണ്ടിംഗ് ഏജന്‍സികളുടെ സാമ്പത്തികസഹായം കൊണ്ടോ അല്ല. അവരത് ചെയ്യുന്നത് അവരുടെ തൊഴിലായിട്ടാണ്. ഇപ്രകാരമുള്ള ട്രീ കവര്‍ഭൂമിയെ ഒരു സര്‍ക്കാര്‍ ഏജന്‍സിയും ”ഷോക്ക് അബ്സോര്‍ബര്‍” സൃഷ്ടിക്കാനായി ഏറ്റെടുക്കാന്‍ പാടില്ല. ”ഫോറസ്റ്റകവര്‍-മരങ്ങള്‍” എന്നതിന്റെ രീതിയില്‍ കര്‍ഷകര്‍ തെളിയിക്കുന്നത് അവര്‍ വനംവകുപ്പിനേക്കാളും നന്നായി ഫോറസ്റ്റ് കവര്‍ സൃഷടിക്കുന്നുവെന്നാണ്.
ഇന്ത്യാ സ്റ്റേറ്റ് ഫോറസ്റ്റ് റെക്കോര്‍ഡ് 2021 പ്രകാരം ഇനിപ്പറയുന്നതാണ് കേരളത്തിലെ വിവിധ തരത്തിലുള്ള ”റെക്കോര്‍ഡഡ് ഫോറസ്റ്റ് ഏരിയയ്ക്ക് അകത്തും പുറത്തുമുള്ള വനങ്ങള്‍.ഈ പട്ടികയില്‍ നിന്നും കൃഷിക്കാര്‍ സൃഷ്ടിച്ച വനങ്ങള്‍ സര്‍ക്കാര്‍ വനങ്ങള്‍ക്ക് തുല്യമാണെന്ന് മനസ്സിലാക്കാവുന്നതാണ്.
പരിസ്ഥിതിലോലം എന്ന വാക്കിന്റെ ഉത്ഭവവും ചരിത്രവും
വനങ്ങളെയോ വന്യജീവികളെയോ സംരക്ഷിക്കാതിരിക്കാന്‍ വേണ്ടിയും കേരളത്തിലെ വനവിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയും കേരളത്തിലെ വനംവകുപ്പ് പരിസ്ഥിതിലോലമേഖല എന്ന വാക്കിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ”പരിസ്ഥിതിലോലം” എന്ന വാക്കിന്റെ ഉത്ഭവവും ചരിത്രവും ഈ സംഗതി തെളിയിക്കും. ഇക്കോസെന്‍സിറ്റീവ് ഏറ്റവുമധികം ദുരുപയോഗം ചെയ്ത വാക്ക്. ഇക്കോളജിക്കലി സെന്‍സിറ്റീവ്, ഇക്കോളജിക്കലി ഫ്രജൈല്‍, ഇക്കോ സെന്‍സിറ്റീവ്, ഇക്കോഫ്രജൈല്‍ സോണ്‍, ഏരിയ തുടങ്ങിയ വാക്കുകളാണ് ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണ്‍, ഏരിയ (പരിസ്ഥിതിലോലമേഖല) സംബന്ധിച്ച സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാറുള്ളത്. കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച പശ്ചിമഘട്ടപരിസ്ഥിതി എക്സ്പെര്‍ട്ട് പാനല്‍(ഡബളിയുജിഇഇപി) പ്രൊഫസര്‍ മാധവ് ഗാഡ്ഗിലിന്റെ അധ്യക്ഷതയില്‍ 2012-ലെ ഓര്‍ഡര്‍ നമ്പര്‍ എഫ് നമ്പര്‍ 1/1/2010 ആര്‍ഇ(ഇഎസ്ഇസഡ്) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ”ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ” എന്ന വാക്കാണ് ഇക്കോളജിക്കലി സെന്‍സിറ്റീവ്, ഇക്കോളജിക്കലിഫ്രജൈല്‍, ഇക്കോ സെന്‍സിറ്റീവ്, ഇക്കോ ഫ്രജൈല്‍സോണ്‍, ഏരിയ എന്നുള്ളതിനെല്ലാം പൊതുവായി ഉപയോഗിച്ചിരിക്കുന്ന വാക്ക്.
കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയം (കോണ്‍ഗ്രസ് യുപിഎ സര്‍ക്കാര്‍) 2000-ല്‍ രൂപീകരിച്ച പ്രൊണബ്സെന്‍ കമ്മിറ്റി ഇന്ത്യയിലെ പരിസ്ഥിതിലോലമേഖലകള്‍ തീരുമാനിക്കാന്‍ വംശപരമ്പര, ആവാസവ്യവസ്ഥ, ഭൂമിയുടെ ഉപരിതലപഠനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചു. പരിസ്ഥിതിലോലമേഖല തിരിച്ചറിയാനുള്ള സെന്‍കമ്മിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം പ്രാദേശികവാദം ആയിരുന്നു. പ്രത്യേക നാട്ടില്‍ പതിവായി ഓരോ വര്‍ഗ്ഗവും കണ്ടുവരുന്ന പ്രദേശങ്ങള്‍ പ്രത്യേകമായി സംരക്ഷിക്കാനും നിര്‍ദ്ദേശിച്ചു. പ്രൊണബ് സെന്‍ (മുന്‍ചെയര്‍മാന്‍, പ്ലാനിംഗ് കമ്മീഷന്‍) കമ്മിറ്റി 2000 സെപ്റ്റംബറില്‍ പരിസ്ഥിതിലോലമേഖല പ്രഖ്യാപിക്കുന്നതിന് മുമ്പ് എടുക്കേണ്ട മുന്‍കരുതലുകളെപ്പറ്റി പറഞ്ഞിരുന്നു. അത് ഈയവസരത്തില്‍ പ്രസക്തമാണ്. പ്രൊണബ്സെന്‍ എഴുതിയ പ്രൊണബ്സെന്‍ കമ്മിറ്റിയുടെ ആമുഖം ഇങ്ങനെയായിരുന്നു, ഈ രാജ്യത്തെ പരിസ്ഥിതിലോലമേഖലാപ്രദേശങ്ങള്‍ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍ തിരിച്ചറിയാനുള്ള ഈ കമ്മിറ്റിയുടെ ഭരണഘടനാനിര്‍വഹണം എന്നു പറയുന്നത് ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ഇന്ത്യാഗവണ്‍മെന്റ് സ്ഥിരമായി സൂചിപ്പിച്ചിട്ടുള്ള പരിസ്ഥിതിയുടെ ദ്രുതഗതിയിലുള്ള അപചയത്തെപ്പറ്റി നിലനില്‍ക്കുന്ന ആഴത്തിലുള്ള ആശങ്കയുടെപ്രതിഫലനമാണ്.
പ്രൊണബ് സെന്‍ കമ്മിറ്റി റിപ്പോര്‍ട്ട്
പ്രൊണബ് സെന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ആമുഖ ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു: പരിസ്ഥിതി ലോലമേഖലകളെ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങള്‍ എന്‍വയണ്‍മെന്റ് (പ്രൊട്ടക്ഷന്‍)ആക്ട്,1986-ല്‍ നിന്നും കിട്ടുമെന്നതായിരുന്നു ഈ കമ്മിറ്റിയുടെ ദീര്‍ഘമായ ആലോചനകള്‍ക്ക് സഹായകമായ അനുമാനം. ഈ അവബോധത്തിന് രണ്ട് പ്രത്യാഘാതങ്ങളുണ്ട്. ഇന്ത്യ എന്നൊരുരാജ്യത്തെ സംബന്ധിച്ച് കുറഞ്ഞ വരുമാനവും കൂടുതല്‍ ദാരിദ്ര്യവും ഉള്ള നിലയ്ക്ക് പരിസ്ഥിതിലോലമേഖലയുടെ സംരക്ഷണവും ദേശീയപുരോഗതിയും തമ്മിലൊരു സമതുലിനാവസ്ഥ നടത്തേണ്ടതുണ്ട്. അതുകൊണ്ട് മാനദണ്ഡങ്ങള്‍ തിരഞ്ഞെടുക്കുകയും നിര്‍വചിക്കുകയും ചെയ്യേണ്ടത് അവ ആവാസവ്യവസ്ഥാപരിപാലനത്തിന്റെ അടിസ്ഥാനഘടകങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്ന് നിലയ്ക്കും അവ പുരോഗതിക്കും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രക്രിയയ്ക്കും തടസ്സമാകില്ല എന്ന നിലയ്ക്കുമാണ്. രണ്ടാമതായി ഭൂമി വേണമെന്ന ശക്തമായ വാദവും ഭൂമിയുടെ ഉപയോഗ രീതികളും മനസ്സില്‍ കണ്ടുകൊണ്ട് പരിസ്ഥിതിലോലമേഖലകള്‍ തിരഞ്ഞെടുത്താല്‍ അത് നിയമവ്യവഹാരത്തിന് വഴിതെളിക്കുമെന്ന് തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് കമ്മിറ്റി മുന്നോട്ടുവെച്ച മാനദണ്ഡങ്ങളും പ്രയോഗിക്കേണ്ട രീതിയും തിരഞ്ഞെടുക്കേണ്ടത് അവ കോടതിയില്‍ സൂക്ഷ്മ പരിശോധന നേരിടാന്‍ സാധിക്കത്തക്ക രീതിയിലാകണം. പ്രൊണബ്സെന്‍ കമ്മിറ്റി (2000) ”ഇക്കോളജിക്കല്‍ സെന്‍സിറ്റിവിറ്റി അഥവാ ഫ്രജിലിറ്റി”യെ തിരിച്ചറിഞ്ഞത് ഇനിപ്പറയും പ്രകാരമാണ്. ലോകത്തില്‍ നിന്ന് നിലവിലുള്ള ജീവിതത്തില്‍ സംഭവിച്ച സ്ഥിരമായതും നികത്താനാവാത്ത നഷ്ടത്തിന്റെയോ പ്രകൃത്യാ ഉള്ള പരിണാമ പ്രക്രിയയില്‍ കാര്യമായ കേടുപാടുകളുടെയോ ആസന്നമായ സാധ്യത എന്നാണ് ഇക്കോളജിക്കല്‍ സെന്‍സിറ്റിവിറ്റി നിര്‍വചിച്ചിരിക്കുന്നത്. കമ്മിറ്റി ഇക്കോളജിക്കല്‍ സെന്‍സിറ്റിവിറ്റിക്ക് 33 അടിസ്ഥാനമാനദണ്ഡങ്ങള്‍ കണ്ടെത്തി. ഇത് മൂന്ന് വിഭാഗങ്ങളിലാണ്. ആദ്യത്തേത് ജീവിവര്‍ഗ്ഗവുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ വംശനാശഭീഷണിയുള്ള ജീവിവര്‍ഗ്ഗത്തിന്റെ സ്വഭാവം നിര്‍വചിച്ചിരിക്കുന്നു. രണ്ടാമത്തെ വിഭാഗം ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂന്നാമത്തെ വിഭാഗത്തില്‍ ഭൂമിയുടെ ഉപരിതലരൂപീകരണ അവസ്ഥകള്‍ ഉള്‍പ്പെടുന്നു. പ്രാഥമികമാനദണ്ഡങ്ങള്‍ കൂടാതെ മറ്റ് ഏഴ് ഉപസഹായമാനദണ്ഡങ്ങളും കമ്മിറ്റി കണ്ടെത്തി. പ്രദേശങ്ങളെ തിരിച്ചറിഞ്ഞ് സംരക്ഷിച്ചുകൊണ്ട് സജീവമായി മുന്നോട്ടുപോകാന്‍ പ്രൊണബ്സെന്‍ കമ്മിറ്റി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. വിശദമായ ആഴത്തിലുള്ള വിശകലനവും ചര്‍ച്ചയും കഴിഞ്ഞ ശേഷം മാത്രമേ പരിസ്ഥിതിമേഖല പ്രഖ്യാപിക്കാവൂ എന്ന് പ്രൊണബ്സെന്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പാരിസ്ഥിതികമായി പ്രധാനപ്പെട്ടതും പാരിസ്ഥിതികസമ്മര്‍ദമുള്ളതുമായ ഇനിപ്പറയുന്നതുപോലെയുള്ള പ്രദേശങ്ങള്‍ പരിഗണിക്കാന്‍ സൗകര്യപ്രദമായ ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റ് ഉണ്ടാകേണ്ടതാണെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു.
പ്രൊണബ്‌സെന്‍ കമ്മിറ്റി പറഞ്ഞിരിക്കുന്നത് ”പരിസ്ഥിതിലോലത്തിന്റെ വൈവിധ്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ പാരിസ്ഥിതികഗുണങ്ങളുടെ പരിപാലനത്തിനും ആവശ്യമായ പുരോഗതിയ്ക്കും ഇടയിലുള്ള സന്തുലിതാവസ്ഥയാണ് ഉദ്ദേശ്യമെന്നിരിക്കെ അമിതമായ കാഠിന്യം ഇതിന്റെ പ്രധാന ഉദ്ദേശ്യത്തെ തന്നെ നിഷഫലമാക്കികളയും. പാരിസ്ഥിതികപ്പശ്നങ്ങളില്‍ പ്രവര്‍ത്തിച്ച ഏതാണ്ട് എല്ലാ കമ്മിറ്റികളും ഇപിഎ ആക്ട് 1986 അനുസരിച്ച് പ്രദേശങ്ങളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ പ്രകൃതി, പാരിസ്ഥിതികപ്രവര്‍ത്തനങ്ങളിലുള്ള നിയ്രന്തണം എന്നിവയെ
ക്കുറിച്ച് നടത്തേണ്ട ഒരു പൊതുകൂടിയാലോചനയുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുന്നു. ഇപ്പോഴത്തെ അവസ്ഥയിലുള്ള അറിവിന്റെ പരിമിതി കണക്കിലെടുത്ത് മുന്‍കരുതലിന് അല്‍പ്പം പിഴ വരുത്തുകയും പരിസ്ഥിതിലോലപ്രദേശങ്ങളുടെ പ്രഖ്യാപനത്തില്‍ മനോവിശാലത കാണിക്കുകയുമാണ് വേണ്ടത്. പരിസ്ഥിതി, വനങ്ങള്‍, വന്യജീവികള്‍ തുടങ്ങിയവയെ സംരക്ഷിക്കാന്‍ കൂടുതല്‍ കൂടുതല്‍ റവന്യൂഭൂമികള്‍ ഏറ്റെടുക്കണമെന്നോ നിയന്ത്രിക്കണമെന്നോ ഉള്ള വാദം സാങ്കേതികമായി ശരിയല്ല. ആഗോളതലത്തിലും ദേശീയതലത്തിലും പരിപാലനം രണ്ട് സാഹചര്യങ്ങളില്‍ സാധ്യമാണ്. അവയാണ് ഇന്‍സിറ്റു കണ്‍സര്‍വേഷനും എക്സിറ്റു കണ്‍സര്‍വേഷനും. ഇന്‍സിറ്റു, എക്‌സിറ്റു എന്നിവയെ കൂടു
തല്‍ വിശദീകരിക്കേണ്ടതുണ്ട്.
പരമ്പര തുടരുന്നു……
കേരളകോണ്‍ഗ്രസ്(എം)ന്റെ അധ്യക്ഷനും പാര്‍ലമെന്റംഗവുമാണ് ലേഖകൻ