പാല്‍, മുട്ട,മാംസം എന്നിവയില്‍ സ്വയംപര്യാപ്തത നേടാന്‍ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനായി മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതിക്ക് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പോത്തന്‍കോട്ട് നിര്‍വഹിച്ചു. ക്ഷീരകര്‍ഷകർക്ക് ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം വീട്ടുപടിക്കല്‍ ലഭ്യമാക്കാനായി ടോള്‍ഫ്രീ സംവിധാനം ഏര്‍പ്പെടുത്തുമെന്നു മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഉത്പാദന ചെലവ് കുറയ്ക്കാനായി ചോളം കൃഷി, സൈലേജ് നിര്‍മ്മാണം എന്നിവ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു . ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷനായി.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും 14 പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് അനുയോജ്യമായ പദ്ധതികളിലൂടെ പാല്‍, മുട്ട, മാംസം എന്നിവയില്‍ സ്വയം പര്യാപ്തത നേടാന്‍ പഞ്ചായത്തിനെ സഹായിക്കുന്ന മാതൃക പദ്ധതിയാണിത്. പോത്തന്‍കോട് പഞ്ചായത്തിലെ തെരഞ്ഞെടുത്ത ഒന്‍പത് കര്‍ഷകര്‍ക്ക് അഞ്ച് പെണ്ണാടുകളും ഒരു ആണാടും ഉള്‍പ്പെട്ട ഗോട്ട് സാറ്റ്‌ലൈറ്റ് യൂണിറ്റ്,18 വനിതകള്‍ക്ക് കിടാരികള്‍, 50 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങള്‍ എന്നിവ മന്ത്രി വിതരണം ചെയ്തു. അഞ്ച് ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്തില്‍ നടപ്പാക്കുന്നത്. മൃഗസംരക്ഷണ മേഖലയിലെ സുസ്ഥിരവും സമഗ്രവുമായ വികസനം യാഥാര്‍ഥ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം.
പോത്തന്‍കോട് സഫര്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോക്ടര്‍ ജിജിമോന്‍ ജോസഫ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉനൈസ അന്‍സാരി, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. അനില്‍കുമാര്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.