ഗുജറാത്തില്‍ മോദിയെ രാവണനോട് ഉപമിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനോട് ഉപമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ”ഗുജറാത്തിന്റെ പുത്രനെ” ഖാര്‍ഗെ നിരന്തരം ആക്ഷേപിക്കുകയാണെന്നാരോപിച്ച് ബി.ജെ.പിയുടെ മറുനീക്കം.മോദിജി പ്രധാനമന്ത്രിയാണ്. അദ്ദേഹം തന്റെ ജോലി മറന്ന് സകല തെരഞ്ഞെടുപ്പിലും പ്രചാരണം നടത്തുകയാണ്. എപ്പോഴും തന്നെപ്പറ്റിയാണ് അദ്ദേഹം സംസാരിക്കാറുള്ളത്. മറ്റാരെയും നോക്കേണ്ട, മോദിയെ നോക്കി വോട്ട് ചെയ്യൂവെന്നാണു പറയുന്നത്. എത്രകാലം ഞങ്ങള്‍ താങ്കളുടെ മുഖം കാണണം? താങ്കള്‍ക്ക് രാവണനെപ്പോലെ 100 തലകളുണ്ടോ?”- കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യവേ ഖാര്‍ഗെ ചോദിച്ചു.

തെരഞ്ഞെടുപ്പ് മുനിസിപ്പാലിറ്റിയിലേക്കായാലും കോര്‍പറേഷനിലേക്കായാലും നിയമസഭയിലേക്കായാലും മോദിയുടെ പേരിലാണു ബി.ജെ.പി. വോട്ട് ചോദിക്കുന്നതെന്നു പരിഹസിച്ച ഖാര്‍ഗെ, സ്ഥാനാര്‍ഥിയുടെ പേരില്‍ വോട്ട് തേടാന്‍ വെല്ലുവിളിച്ചു. മോദിജി വന്ന് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുമോ? നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ അദ്ദേഹം വന്ന് സഹായിക്കുമോ? – ഖാര്‍ഗെ ചോദിച്ചു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ചൂട് സഹിക്കാനാവാതെ, കോണ്‍ഗ്രസ് അധ്യക്ഷന് വാക്കുകള്‍ക്കുമേല്‍ നിയന്ത്രണം നഷ്ടപ്പെട്ടെന്നു ബി.ജെ.പി. തിരിച്ചടിച്ചു. ഗുജറാത്തിന്റെ പുത്രനെ കോണ്‍ഗ്രസ് നിരന്തരം അപമാനിക്കുകയാണ്. മരണത്തിന്റെ വ്യാപാരിയെന്നും രാവണനെന്നും വിളിക്കുന്നു- ബി.ജെ.പി. വക്താവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. 2007-ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയെ സോണിയാ ഗാന്ധി മരണത്തിന്റെ വ്യാപാരിയെന്നു വിളിച്ചതു വിവാദമായിരുന്നു. ഗുജറാത്തില്‍ ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണു വോട്ടെടുപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →