കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതി ഇലന്തൂർ കാരംവേലി കടകംപള്ളി വീട്ടിൽ ലൈലയുടെ (59) ജാമ്യാപേക്ഷ എറണാകുളം അഡി. സെഷൻസ് കോടതി തള്ളി. രണ്ടു സ്ത്രീകളെ കുരുതി കൊടുത്ത കേസിലെ പ്രതിക്കു ജാമ്യം നൽകുന്നത് സമൂഹ മനസാക്ഷിയെ ഉലയ്ക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
നരബലിക്കേസിൽ ശക്തമായ തെളിവുകളോ വസ്തുതകളോ ഇല്ലാതെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ലൈലയുടെ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു.കേസിന്റെ രേഖകൾ പരിശോധിച്ച കോടതി പ്രതിക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വിലയിരുത്തി. മിക്ക സാക്ഷികളും ഇവരുടെ അയൽപക്കക്കാരാണ്. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം തള്ളാൻ കഴിയില്ലെന്നും കോടതി പറഞ്ഞു