കൊച്ചി: കടല്‍ക്കൊലക്കേസില്‍ ബോട്ടിലുണ്ടായിരുന്ന ഒന്‍പതു മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹരെന്നു സുപ്രീം കോടതി. ഇവര്‍ക്ക് അഞ്ച് ലക്ഷം രൂപം വീതം നല്‍കാന്‍ ജസ്റ്റിസ് എം.ആര്‍. ഷാ, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ബോട്ട് ഉടമയ്ക്കു നല്‍കുന്ന നഷ്ടപരിഹാരത്തുകയായ രണ്ടുകോടിയില്‍നിന്നാണ് ഈ തുക നല്‍കേണ്ടത്. ഒന്‍പതു പേരില്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയും ഉള്‍പ്പെട്ടിരുന്നു. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. അതിനാല്‍ തുക കുടുംബത്തിനു കൈമാറണം. മത്സ്യത്തൊഴിലാളികളില്‍ മരിച്ച ജോണ്‍സണന്റെ വിധവയ്ക്കു തുക നല്‍കണം.
എന്റിക്ക ലക്‌സി എന്നു പേരിലുള്ള കപ്പലിലെ ഇറ്റാലിയന്‍ നാവികര്‍ 2012 ലാണു രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നത്. മരിച്ചവരുടെ ആശ്രിതര്‍ക്കു നാലുകോടി രൂപ വീതവും ബോട്ടുടമ ഫ്രെഡിക്കു രണ്ടു കോടി രൂപയും ധനസഹായം നല്‍കാന്‍ നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. ഈ തുകയുടെ ഒരു ഭാഗം തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി ബോട്ടിലെ തൊഴിലാളികള്‍ നല്‍കിയ ഹര്‍ജിയിലാണു കോടതി തീരുമാനം. പത്തുകോടി രൂപ നഷ്ടപരിഹാരം നല്‍കിയതോടെ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍ക്കൊല കേസ് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി അവസാനിപ്പിച്ചിരുന്നു. ഇരകള്‍ക്കു കൈമാറാനായി പത്തു കോടി രൂപ കേരളാ ഹൈക്കോടതിക്കു കൈമാറാനായിരുന്നു സുപ്രീം കോടതി ഉത്തരവ്.

