ബിസിനസുകാരന്റെ മരണം:വേലക്കാരിയും ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍

ബംഗളുരു: ബംഗളുരുവില്‍ ബിസിനസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാടകീയ വഴിത്തിരിവ്. വീട്ടുജോലിക്കാരിയും ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍. ബാലസുബ്രഹ്മണ്യന്‍ (67) എന്ന ബിസിനസുകാരന്റെ മൃതദേഹമാണ് ഒരാഴ്ചമുമ്പ് ജെ.പി. നഗറിലെ ആള്‍ത്താമസമില്ലാത്ത സ്ഥലത്ത് കണ്ടെത്തിയത്. തുടരന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. ഇതു സംബന്ധിച്ചു പ്രതികളുടെ മൊഴിപ്രകാരമുള്ള പോലീസ് ഭാഷ്യം ഇങ്ങനെ: മുപ്പത്തഞ്ചുകാരിയായ വീട്ടുജോലിക്കാരിയുമായി അവരുടെ വീട്ടില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്നു ബാലസുബ്രഹ്മണ്യന്‍ മരിച്ചു. അപ്രതീക്ഷിത സംഭവത്തിനു താന്‍ സമാധാനം പറയേണ്ടിവരുമെന്നു ജോലിക്കാരി ഭയന്നു. ഇതോടെ വിവരം ഭര്‍ത്താവിനെയും സഹോദരനെയും അറിയിച്ചു. മൂവരും ചേര്‍ന്നു മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു ജെ.പി. നഗറില്‍ തള്ളി. കഴിഞ്ഞ 16 നാണ് കുടുംബാംഗങ്ങള്‍ ബാലസുബ്രഹ്മണ്യനെ അവസാനമായി കണ്ടത്. വൈകിട്ട് പേരക്കുട്ടിയെ ബാഡ്മിന്റണ്‍ പരിശീലനത്തിനു കൊണ്ടുപോയി വിട്ടശേഷം കുറച്ചു ജോലി ബാക്കിയുണ്ടെന്നും മടങ്ങിവരാന്‍ വൈകുമെന്നും കുടുംബാംഗങ്ങളെ ഫോണില്‍ അറിയിച്ചു. പുലര്‍ച്ചെയായിട്ടും ബാലസുബ്രഹ്മണ്യന്‍ തിരികെയെത്താതിരുന്നതോടെ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. അന്വേഷണത്തില്‍ അടുത്ത ദിവസം മൃതദേഹം കണ്ടെത്തി.

തുടരന്വേഷണം വീട്ടുവേലക്കാരിയെ സംശയനിഴലിലാക്കി. ബാലസുബ്രഹ്മണ്യന്റെ മൊെബെല്‍ ഫോണ്‍ വിശദാംശങ്ങള്‍ വഴികാട്ടിയായി. വേലക്കാരിയുടെ വീട്ടില്‍ ബാലസുബ്രഹ്മണ്യന്‍ പതിവു സന്ദര്‍ശകനായിരുന്നെന്നു കണ്ടെത്തി. സംഭവദിവസവും ഇതിനു മാറ്റമുണ്ടായിരുന്നില്ലെന്നു ഫോണ്‍ റെക്കോഡില്‍നിന്നു വ്യക്തമായി. ഇവ നിരത്തി വേലക്കാരിയെ ചോദ്യംചെയ്തതോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞു.” കഴിഞ്ഞവര്‍ഷം ബാലസുബ്രഹ്മണ്യന് ആന്‍ജിയോഗ്രാം നടത്തിയിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. യുവതി, ഭര്‍ത്താവ്, സഹോദരന്‍ എന്നിവര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →