ശിവസേനാ വിഭാഗം പങ്കാളിയായ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗം തങ്ങളുടെ പ്രത്യയശാസ്ത്ര വിരുദ്ധ പങ്കാളിയായ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വി.ഡി. സവര്‍ക്കറെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ വീക്ഷണങ്ങളെച്ചൊല്ലിയാണിത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവമാണ് സേനയെ ഏറ്റവുമൊടുവില്‍ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധിയെയും ജവാഹര്‍ലാല്‍ നെഹ്റുവിനെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും പോലെയായിരുന്നില്ല സവര്‍ക്കര്‍ എന്നാണ് രാഹുല്‍ പറഞ്ഞത്. സവര്‍ക്കര്‍ ഭീരുവായിരുന്നു. ബ്രിട്ടീഷുകാരുടെ തടവില്‍ കഴിയുമ്പോള്‍ അവരുടെ ദയയ്ക്കു കേണപേക്ഷിച്ചയാള്‍ എന്നും രാഹുല്‍ വിമര്‍ശിച്ചു.

ഇതോടെ മഹാ വികാസ് അഖാഡി സംഖ്യത്തില്‍ (കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി) തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് പ്രസ്താവിച്ചു. ഉദ്ധവ് താക്കറെ ഇതേക്കുറിച്ച് പ്രസ്താവന നടത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍വക്കറുടെ വിഷയം ഞങ്ങള്‍ക്ക് പ്രധാനമാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. കോണ്‍ഗ്രസ് ഈ വിഷയം കൊണ്ടുവരാന്‍ പാടില്ലായിരുന്നുവെന്നും നേരത്തെ റാവത്ത് ദേശീയ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞിരുന്നു. 2019-ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് ശരദ് പവാര്‍ നയിക്കുന്ന എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സേന സഖ്യ(എം.വി.എ)മുണ്ടാക്കിയത്. മുഖ്യമന്ത്രിക്കസേരയുടെ പേരില്‍ ദീര്‍ഘകാല കൂട്ടാളിയായിരുന്ന ബി.ജെ.പിയുമായി ശിവസേന ഉടക്കിപ്പിരിഞ്ഞതാണ് പുതിയ സഖ്യത്തിനു വഴിവച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →