പാലക്കാട്: രാത്രി വീടിനുള്ളില്‍ നടന്ന കവര്‍ച്ച തടയാന്‍ ശ്രമിച്ച വയോധിക ദമ്പതികള്‍ക്കു വെട്ടേറ്റു. തമിഴ്‌നാട് സ്വദേശിയായ മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി.
പാലക്കാട് പാലപ്പുറം മുണ്ടന്‍ഞാറ റോഡ് ആട്ടീരി വീട്ടില്‍ സുന്ദരേശ്വരന്‍(74),ഭാര്യ അംബികാദേവി(67) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രതിയായ തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി പൂച്ചാണ്ടി ഗോവിന്ദരാജി(50)നെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളുടെ രണ്ട് മൊെബെല്‍ ഫോണും ഒരു സ്വര്‍ണവളയും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
സുന്ദരേശ്വരന് കൈയിലും നെറ്റിയിലും മുതുകിലുമാണ് പരുക്കേറ്റത്. െകെയിലും മുഖത്തും വയറിലുമാണ് അംബികാദേവിക്ക് പരുക്ക്. അംബികാദേവിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി.
വയോധിക ദമ്പതികള്‍മാത്രമുള്ള വീട്ടില്‍ ഗോവിന്ദരാജ് കോണിവച്ച് കയറി ഒന്നാംനിലയിലെ മേല്‍ക്കൂരയുടെ ഓടു പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. മുറികള്‍ക്കുള്ളിലെ അലമാരകള്‍ കുത്തിതുറന്ന് സാധനങ്ങളെല്ലാം വാരിവലിച്ചിട്ടെങ്കിലും ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് ദമ്പതികള്‍ കിടന്നുറങ്ങിയിരുന്ന താഴത്തെ നിലയിലെ മുറിയിലെത്തിയ മോഷ്ടാവ് അലമാര തുറക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന സുന്ദരേശ്വരനും അംബികാദേവിയും കവര്‍ച്ച തടയാന്‍ ശ്രമിച്ചപ്പോഴാണ് ഇരുവര്‍ക്കും വെട്ടേറ്റത്.
മോഷണത്തിന് കയറും മുമ്പ് വീടിന്റെ പോര്‍ച്ചില്‍ നിന്നും കൈയില്‍ കരുതിയ കൊടുവാള്‍ കൊണ്ടാണ് ആക്രമിച്ചത്. വൈദ്യുതി ബന്ധം വിഛേദിച്ചാണ് അകത്ത് കടന്നിരുന്നത്. ദമ്പതികളെ വെട്ടിയ ശേഷം രണ്ട് മൊെബെല്‍ ഫോണും ഒരു സ്വര്‍ണവളയുമെടുത്ത് മുന്‍വശത്തെ വാതില്‍തുറന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ പോലീസില്‍ അറിയിച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചു.
സ്ഥലത്തെത്തിയ പോലീസ് സൈബര്‍ സെല്ലിന്റെയും സി.സി. ടിവി ദൃശ്യങ്ങളുടെയും സഹായത്തോടെ അവസരോചിത ഇടപെടല്‍ നടത്തി പഴയ ലെക്കിടിയില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി. 10 നു രാവിലെ വീടും പരിസരവും നിരീക്ഷിച്ചശേഷമാണ് പ്രതി രാത്രി മോഷണത്തിനെത്തിയതെന്ന് പോലീസ് പറഞ്ഞു. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കഴിഞ്ഞ അഞ്ചിനാണ് ഗോവിന്ദരാജ് പുറത്തിറങ്ങിയത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

