യുവതിയുടെ കൊല: പ്രതി റാം ബഹദൂറിലെ ഇന്ത്യയിലെത്തിക്കാന്‍ നിയമതടസം.

കൊച്ചി: കടവന്ത്ര എളംകുളത്തെ നേപ്പാള്‍ യുവതിയുടെ കൊലപാതക കേസില്‍ പ്രതി റാം ബഹദൂറിലെ ഇന്ത്യയിലെത്തിക്കാന്‍ നിയമതടസം.പ്രതി റാം ബഹദൂര്‍ നേപ്പാള്‍ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞതോടെയാണിത്. കൊല്ലപ്പെട്ട ഭഗീരഥി ധാമിയും നേപ്പാളി പൗരന്മാണ്.

ഇന്ത്യയില്‍ റാം ബഹദൂര്‍ വ്യാജമേല്‍ വിലാസത്തിലാണു താമസിച്ചിരുന്നത്. മഹാരാഷ്ട്ര സ്വദേശിയാണെന്നു വ്യക്തമാക്കുന്ന രേഖകളാണു കണ്ടെത്തിയത്.എന്നാല്‍, എറണാകുളം സൗത്ത് പോലീസ് സംഘം പ്രതിയെ തെരഞ്ഞു നേപ്പാളിലെത്തിയപ്പോഴാണു റാം ബഹദൂര്‍ നേപ്പാളിയാണെന്നു തിരിച്ചറിഞ്ഞത്. ഇയാളിപ്പോള്‍ അവിടെ പോലീസ് കസ്റ്റഡിയിലാണ്. വിദേശ പൗരനായതിനാല്‍, ഇയാളെ വിട്ടുകിട്ടുന്നതിനു രണ്ടു വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണ്. അതിനുള്ള ശ്രമം തുടങ്ങിയതായും തീരുമാനംവരും വരെ പോലീസ് സംഘം നേപ്പാളില്‍ തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൊച്ചി സിറ്റി പോലീസ് കേന്ദ്രവിദേശകാര്യ മന്ത്രാലയം വഴി നേപ്പാള്‍ പോലീസിനു വിവരം കൈമാറിയിരുന്നു. രാജ്യാന്തര കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട നിയമ തടസങ്ങള്‍ പരിഹരിച്ചശേഷമേ പ്രതിയെ കൊച്ചിയില്‍ എത്തിക്കൂ. കൊല്ലപ്പെട്ട ഭഗീരഥി ധാമിക്കൊപ്പം കൊച്ചിയിലെ വാടകവീട്ടിലാണു വ്യാജവിലാസത്തില്‍ റാം ബഹദൂര്‍ ബിസ്തി താമസിച്ചിരുന്നത്. കടവന്ത്രയിലെ ഹെയര്‍ ഫിക്‌സിങ് സ്ഥാപനത്തിലായിരുന്നു ആദ്യം. പിന്നീടു സ്വന്തം വീട്ടില്‍ തന്നെ ഈ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. ഇതിനിടയിലാണ് അടിക്കടിയുള്ള ഡല്‍ഹി സന്ദര്‍ശനങ്ങളുണ്ടായിരുന്നത്. മയക്കുമരുന്നു മാഫിയയുമായി റാം ബഹദൂറിനു ബന്ധമുേണ്ടായെന്നും പരിശോധിക്കുന്നുണ്ട്. ഇയാളുമായി ബന്ധപ്പെട്ടിരുന്നവരെ ചോദ്യംചെയ്തുവരികയാണ്. മുമ്പു നേപ്പാള്‍ സ്വദേശിനിയായ ഭാര്യയും രണ്ടു കുട്ടികളുമായി റാം ബഹദൂര്‍ പനമ്പിള്ളി നഗറില്‍ താമസിച്ചിരുന്നു. സൗത്ത് എസ്.ഐ. ജെ. അജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു ഡല്‍ഹിയിലും നേപ്പാളിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →