തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭവന-നഗര കാര്യ വകുപ്പിന്റെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനം ഉള്ള നഗരം എന്ന വിഭാഗത്തിൽ കെഎസ്ആര്‍ടിസി സിറ്റി സർക്കുലർ സർവീസിന് പ്രശംസനീയമായ നഗരഗതാഗത പുരസ്കാരവും, ഏറ്റവും മികച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള ഗതാഗത ആസൂത്രണ വിഭാഗത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിച്ച ഗ്രാമവണ്ടി പദ്ധതിക്ക് ഏറ്റവും മികച്ച നഗരഗതാഗത പുരസ്കാരവും ലഭിച്ചു. ഇന്ത്യയിലെ എല്ലാ നഗര പ്രദേശങ്ങളിലേയും പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിന് ആവിഷ്കരിച്ച പദ്ധതികൾ ആണ് അവാർഡിന് പരിഗണിച്ചിരുന്നത്. 2022 നവംബർ മാസം 6 ന് കൊച്ചിയിൽ വെച്ച് നടക്കുന്ന അർബൻ മൊബിലിറ്റി ഇന്ത്യയുടെ (UMI) കോൺഫെറെൻസിൽ വച്ച് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര ഭവനവും നഗരകാര്യ വകുപ്പ് മന്ത്രിയുമായ കൗശൽ കിഷോറിന്റെ സാന്നിധ്യത്തിൽ സമ്മാനിക്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമവണ്ടി എന്ന പേരിൽ ആരംഭിച്ച നൂതന സംരംഭത്തിനും ഏറ്റവും മാതൃകാപരമായതും പൊതു ജനപങ്കാളിത്തമുള്ളതുമായ പദ്ധതി എന്ന നിലയിലുള്ള പുരസ്കാരമാണ് ലഭിച്ചത്. ഈ പദ്ധതിയിൽ പൊതു ജനങ്ങളും,വകുപ്പുകളും, സ്ഥാപനങ്ങളും, വ്യക്തികളും, പൊതുജനസേവനത്തിനായി മുതൽ മുടക്കുന്നത് ഇന്ത്യയിലെ നഗര ഗതാഗത സംവിധാനത്തിലെ അതി നൂതന ചുവടുവയ്പാണെന്നാണ് വിലയിരുത്തുന്നത്. സാധാരണക്കാരായ പൊതു ജനങ്ങൾക്കും, ജനപ്രതിനിധികൾക്കും പൊതു ഗതാഗതം അവരുടെ ആവശ്യപ്രകാരം പ്രവർത്തികമാക്കുന്നതിനു ഉള്ള സൗകര്യവും ഇതിലൂടെ ലഭിക്കുകയും ചെയ്യുന്നു. ഇതിനോടോപ്പം നഗരങ്ങളിലെ സിറ്റി സർവീസിന് അനുബന്ധം ആയി ഒറ്റപ്പെട്ട മേഖലകളെ ചിലവ് ഷെയർ ചെയ്യുന്ന രീതിയിൽ ഗ്രാമവണ്ടി എന്ന പദ്ധതിയിലൂടെ ബന്ധിപ്പിച്ച പദ്ധതിക്കാണ് മികവിന്റെ പുരസ്കാരം കരസ്ഥമാക്കിയത്.
നഗരപ്രാന്ത പ്രദേശങ്ങളിലെയും ഗ്രാമങ്ങളിലെയും ലാഭകരമല്ലാത്ത റൂട്ടുകളെ നഗരവുമായും പ്രധാന കൂട്ടുകളുമായും ബന്ധിപ്പിക്കുന്നതാണ് ഗ്രാമവണ്ടി സർവ്വീസുകൾ. ഒറ്റപ്പെട്ട എല്ലാ ഗ്രാമീണ മേഖലകളെയും ഇത്തരത്തിൽ ബന്ധിപ്പിക്കുന്നതിന് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്യുന്നു. നഗരത്തിലെ കടുത്ത നഷ്ടം വരുന്ന റൂട്ടുകളിലൂടെ ചെലവ് പങ്കുവെച്ച് നടത്തുന്ന ഈ പദ്ധതി ഇന്ത്യക്ക് ആകമാനം കേരളം മാതൃകയായത് ഇതിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. നിലവിൽ 6 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമവണ്ടി സർവീസുകൾ ആരംഭിച്ചിട്ടുണ്ട്, കൂടുതൽ സർവീസുകൾ കൊല്ലം, തിരുവനന്തപുരം കോർപ്പേറേഷനുകളിൽ അടക്കം വിഭാവനം ചെയ്തു നടപ്പിലാക്കി വരുകയാണ്. പത്തിയൂരിൽ ഗ്രാമവണ്ടിയുടെ സർവ്വീസ് ഉടൻ ആരംഭിക്കും.
തിരുവനന്തപുരം നഗരത്തിലെ സിറ്റി സർവീസുകൾ സമഗ്രമായി പരിഷ്‌കരിക്കുകയും 66 ബസുകൾ ഉപയോഗിച്ച് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു മണി വരെ സിറ്റി സർക്കുലർ സർവീസ് നടത്തുകയും, പ്രതിദിനം ഏകദേശം 4000 യാത്രക്കാരിൽ നിന്ന് 34000 യാത്രക്കാർ എന്ന നിലയിലേക്ക് വളരുകയും ചെയ്തതും, ഇതിന് അനുബന്ധം ആയി 150 ഓളം സിറ്റി ഷട്ടിൽ, സിറ്റി റേഡിയേൽ എന്നീ സർവീസുകളും തിരുവനന്തപുരം നഗരത്തിൽ ഓപ്പറേറ്റ് ചെയ്തത് വഴി നഗര ഗതാഗത്തിന്റെ പുതിയ മുഖം നൽകിയതിനുമാണ് ഏറ്റവും നല്ല ഗതാഗത സംവിധാനം എന്ന വിഭാഗത്തിലുള്ള അവാർഡ് ലഭിച്ചത്. പ്രതിമാസം 9 ലക്ഷം യാത്രക്കാർ ആണ് പുതിയതായി ഈ സംവിധാനത്തെ ആശ്രയിക്കുന്നത്.
2 അവാർഡുകളും കേരളത്തിലെ പൊതു ഗതാഗത സംവിധാനത്തിന്റെ ജീവനാഡിയായി പ്രവർത്തിക്കുന്ന കെഎസ്ആർടിസിയുടെ കിരീടത്തിലെ ഒരു പൊൻതൂവലാണ്. പുതിയ പരീക്ഷണങ്ങളിലൂടേയും, കാതലായ മാറ്റങ്ങളിലൂടേയും കൂടുതൽ ജനങ്ങളിലേക്കും മേഖലകളിലേക്കും പൊതു ഗതാഗത സംവിധാനം എത്തുന്നതിനാണ് കെഎസ്ആർടിസി ശ്രമിച്ചു വരുന്നത്. അഖിലേന്ത്യ തലത്തിലുള്ള ഈ അവാർഡുകൾ കെഎസ്ആർടിസി യുടേയും, സംസ്ഥാനത്തിന്റയും നവഗതാഗത പരിഷ്കാരങ്ങൾക്കു വർദ്ധിത ഊർജ്ജം ആണ് പകർന്നിരിക്കുന്നത്.