രാജ്യത്ത് കോവിഡ് രോഗികള്‍ 5 ലക്ഷം കവിഞ്ഞു. മരണം 15,685; ഗുജറാത്തില്‍ മുന്‍ മുഖ്യമന്ത്രിക്ക് കോവിഡ്.

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊറോണ ബാധിതരുടെ സംഖ്യ 5 ലക്ഷത്തില്‍ കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 18,552 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെയുള്ള പ്രതിദിനകണക്കുകള്‍ നോക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 384 പേര്‍ മരിച്ചതോടെ മരിച്ചവരുടെ കണക്ക് 15,685 ആയി. കൊറോണ രോഗികളുടെ കണക്കു നോക്കുമ്പോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവയാണ്.

മഹാരാഷ്ട്രയില്‍ ഇതുവരെ കൊറോണ രോഗം ബാധിച്ചവര്‍ 1,52,765 ആണ്. ഡല്‍ഹിയില്‍ 77,240-ഉം തമിഴ്‌നാട്ടില്‍ 74,622-ഉം ഗുജറാത്തില്‍ 30,158- ഉം ഉത്തര്‍പ്രദേശില്‍ 21,549-ഉം ആണ് രോഗബാധിതര്‍. മരിച്ചവരാകട്ടെ, മഹാരാഷ്ട്രയില്‍ 7,106-ഉം ഡല്‍ഹിയില്‍ 2,492-ഉം തമിഴ്‌നാട്ടില്‍ 957-ഉം ഗുജറാത്തില്‍ 1,772-ഉം ഉത്തര്‍പ്രദേശില്‍ 649-ഉം ആണ്.

ഗുജറാത്തില്‍ മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേലയ്ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവായി. ചെറിയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതോടെ ടെസ്റ്റു ചെയ്തപ്പോഴാണ് പോസിറ്റീവ് ആണെന്നറിഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കണമോ വീട്ടില്‍ തന്നെ തുടര്‍ന്നാല്‍ മതിയോ എന്ന് ഞായറാഴ്ച തീരുമാനിക്കും.

കര്‍ണാടകയില്‍ പത്താംക്ലാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥിക്ക് കൊറോണ സ്ഥിരീകരിച്ചു. ഹസന്‍ ജില്ലയില്‍ പരീക്ഷ എഴുതുന്ന ഹാളില്‍ വച്ചാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. 8 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →