ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ടിന്

കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ടിന്. രണ്ടാം മത്സരത്തില്‍ എട്ടു റണ്ണിനു ജയിച്ചതോടെയാണ് ഒരു കളി ശേഷിക്കെ സന്ദര്‍ശകര്‍ പരമ്പര കൈക്കലാക്കിയത്. ആദ്യകളിയിലും എട്ടു റണ്ണിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 178 റണ്ണടിച്ചു. മറുപടി പറഞ്ഞ ഇംഗ്ലണ്ടിന്റെ വെല്ലുവിളി 20 ഓവറില്‍ ആറു വിക്കറ്റിന് 170 റണ്ണില്‍ അവസാനിച്ചു. മൂന്നു വിക്കറ്റെടുത്ത സാം കറണ്‍ ഉള്‍പ്പെടെയുള്ള ബൗളര്‍മാര്‍ ഇംഗ്ലണ്ടിനു ജയമൊരുക്കി. നാലോവറില്‍ 25 റണ്‍ മാത്രം വഴങ്ങിയ സാം കറണിന്റെ പേസില്‍ മാക്സ്വെല്‍ (11 പന്തില്‍ എട്ട്), മാര്‍ക്കസ് സ്റ്റോയ്നസ് (13 പന്തില്‍ 22), ടിം ഡേവിഡ് (23 പന്തില്‍ 40) എന്നിവര്‍ വീണു. ബെന്‍ സ്റ്റോക്സ്, ഡേവിഡ് വില്ലി, റീസ് ടോപ്ലി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പരമ്പര കൈവിടാതിരിക്കാന്‍ ബാറ്റേന്തിയ ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

13 പന്തില്‍ 13 റണ്ണുമായി ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ചും നാലു റണ്ണുമായി ഡേവിഡ് വാര്‍ണറും കൂടാരം കയറുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും 22 റണ്‍.വണ്‍ ഡൗണായെത്തി ടോപ്സ്‌കോററായ മിച്ചല്‍ മാര്‍ഷ് 29 പന്തില്‍ 45 റണ്ണുമായി ഇന്നിങ്സ് നേരേയാക്കാന്‍ ശ്രമിച്ചെങ്കിലും സ്റ്റോക്സിന്റെ പന്തില്‍ വീണു. അതിനുശേഷം ടിം ഡേവിഡ് ആഞ്ഞടിച്ചെങ്കിലും വിജയം അകലെയായി. മാത്യു വെയ്ഡ് (10), പാറ്റ് കമ്മിന്‍സ് (18) എന്നിവരായിരുന്നു ഇന്നിങ്സ് അവസാനിക്കുമ്പോള്‍ ക്രീസില്‍. ആദ്യം ബാറ്റ് ചെയ്ത ഇം ണ്ട് ബാറ്റര്‍മാരില്‍ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഡേവിഡ് മലാന്‍ നാലു സിക്സും ഏഴു ഫോറും അടക്കം 82 റണ്ണുമായി ടോപ് സ്‌കോററായി. 27 പന്തില്‍ രണ്ടു സിക്സും നാലു ഫോറും പറത്തി 44 റണ്ണുമായി മൊയിന്‍ അലി ഉറച്ച പിന്തുണ നല്‍കി. 17 റണ്ണടിച്ച ക്യാപ്റ്റന്‍ ജോസ് ബട്ലറാണു രണ്ടക്കം കടന്ന മൂന്നാമത്തെ ബാറ്റര്‍. ഓസീസീ നിരയില്‍ മാര്‍ക്കസ് സ്റ്റോയ്നസ് മൂന്നും ആദം സാംപ രണ്ടു വിക്കറ്റുമെടുത്തു. പാറ്റ് കമ്മിന്‍സിനും മാച്ചല്‍ സ്റ്റാര്‍ക്കിനും ഓരോ വിക്കറ്റ് കിട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →