കോയമ്പത്തൂർ: നഗരത്തിലെ കുനിയമുത്തൂർ മേഖലയിലുണ്ടായ രണ്ട് പെട്രോൾ ബോംബേറ് കേസുകളിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണർ വി.ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോയമ്പത്തൂർ കുനിയമുത്തൂർ അറിവൊളി നഗർ ജേസുരാജ്(32), തിരുവള്ളുവർ നഗർ ഇല്യാസ്(34) എന്നിവരാണ് പ്രതികൾ. ഇവരെ 2022 സെപ്തംബർ 25 ഞായറാഴ്ച മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി ജയിലിലടച്ചു.
കുനിയമുത്തൂരിൽ രഘുവെന്ന ഹിന്ദുമുന്നണി പ്രവർത്തകൻറെ വീടിന് മുന്നിൽ നിർത്തിയിട്ട കാറിന് നേരെയും കോവൈപുതൂരിലെ ബി.ജെ.പി പ്രവർത്തകനായ ഭരതിന്റെ വീട്ടിലേക്കും പെട്രോൾ ബോംമ്ബെറിഞ്ഞ കേസുകളിലാണ് ഇവർ അറസ്റ്റിലായത്. ഏത് സാഹചര്യത്തിലാണ് ഇവർ കൃത്യം നടത്തിയതെന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമെ അറിയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂർ നഗരത്തിൽ പെട്രോൾ ബോംബേറുമായി ബന്ധപ്പെട്ട മറ്റു ആറു കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. ചില കേസുകളിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായും ഇവർ ഉടനടി പിടിയിലാവുമെന്നും കമീഷണർ വ്യക്തമാക്കി.