വട്ടിയൂര്‍ക്കാവിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉടന്‍: ജില്ലാ വികസന സമിതി

വട്ടിയൂര്‍ക്കാവ് ജങ്ഷനിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പൊലീസിന് ജില്ലാ വികസന സമിതി നിര്‍ദ്ദേശം നല്‍കി. ജങ്ഷനിലെ ബസ് സ്റ്റോപ്പ് അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിനെ നിയമിക്കുകയും വേണമെന്ന് വി.കെ പ്രശാന്ത് എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. പേരൂര്‍ക്കട മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള സാമൂഹിക ആഘാതപഠനത്തിന്റെ പുരോഗതി സമിതി വിലയിരുത്തി. വട്ടിയൂര്‍ക്കാവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും വി.കെ പ്രശാന്ത് എം.എല്‍.എ പറഞ്ഞു.

കോര്‍പ്പറേഷനിലെ സ്വീവേജ് മാലിന്യം സംസ്‌കരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിത പദ്ധതിയായ അമൃതില്‍ ഉള്‍പ്പെടുത്തി പമ്പ്ഹൗസുകള്‍, പൈപ്പ്‌ലൈനുകള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.  പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിലെ നടപ്പാതയുടെ നവീകരണവും ഓടകള്‍ വൃത്തിയാക്കലും പൂര്‍ത്തിയായി. നെടുമങ്ങാട് താലൂക്കില്‍ 301 പട്ടയങ്ങളുടെ വിതരണം പൂര്‍ത്തിയായി.  പാങ്ങോട് പഞ്ചായത്തിലെ പൂലോട് മുതല്‍ എക്സ് സര്‍വീസ്‌മെന്‍ കോളനി വരെയുള്ള റോഡിന്റെ അവശേഷിക്കുന്ന മൂന്ന് കിലോമീറ്ററിന്റെ നിര്‍മ്മാണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.

ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അധ്യക്ഷനായ യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ജോസ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, എം.പിമാരുടെയും എം.എല്‍.എമാരുടെയും പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →