പെരുമ്പാവൂർ: 50-ലേറെ മോഷണക്കേസുകളിലെ പ്രതിയായ മോഷ്ടാവിനെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങോൾ മനയ്ക്കപ്പടി പാറയ്ക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് -50) ആണ് പിടിയിലായത്. ‘ബർമുഡ കള്ളൻ’ എന്നറിയപ്പെടുന്ന ഇയാളെ ചോദ്യംചെയ്തപ്പോൾ തെളിഞ്ഞത് ഇരുപതോളം മോഷണക്കേസുകൾ.
മൂന്നുമാസം മുൻപ് വട്ടയ്ക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെ വീട്ടിൽനിന്ന് 16 പവൻ സ്വർണവും പണവും കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്. ഏഴ് കൊല്ലമായി ഇരിങ്ങോളിൽ തനിച്ചാണ് താമസം.പെരുമ്പാവൂർ, കാലടി, കുറുപ്പംപടി, കോതമംഗലം പ്രദേശങ്ങളിൽ ഇയാൾ നടത്തിയ മോഷണങ്ങൾ തെളിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
ആൾത്താമസമുള്ള സമ്പന്നരുടെ വീടുകളാണ് ഇയാൾ മോഷണത്തിനായി തിരഞ്ഞെടുക്കുക. വീടും പരിസരവും നേരത്തെ കണ്ടുവെക്കുന്ന മോഷ്ടാവ്, ബർമുഡ ധരിച്ച് കിലോമീറ്ററുകളോളം നടന്നാണ് വീടുകളിലെത്തുക. മോഷണം നടത്തിയശേഷം തിരിച്ചും നടന്നുപോവുകയാണ് രീതി.മുപ്പതോളം കേസുകളിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂൺകൃഷി നടത്തുകയാണെന്നാണ് ഇയാൾ ആളുകളോട് പറഞ്ഞിരുന്നത്.
എ.എസ്.പി. അനൂജ് പലിവാൽ, ഇൻസ്പെക്ടർമാരായ എം.കെ. സജീവ് (കുറുപ്പംപടി), ആർ. രഞ്ജിത്ത് (പെരുമ്പാവൂർ), എ.എസ്.ഐ.മാരായ അബ്ദുൾ സത്താർ, ജോബി ജോർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് കുര്യാക്കോസ്, അബ്ദുൾ മനാഫ്, എം.എം. സുധീർ, എം.ബി. സുബൈർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കൂൺകർഷകനെന്ന നിലയിലാണ് അറസ്റ്റിലായ ജോസ് മാത്യു നാട്ടിൽ ആളുകളെ പരിചയപ്പെട്ടിരുന്നത്. ഏഴ് കൊല്ലമായി ഇരിങ്ങോളിൽ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം കുളങ്ങൾ നിർമിച്ച് മത്സ്യകൃഷിയും നടത്തുന്നുണ്ട്. 50 കേസുകളിലായി 1000 പവനിലധികം സ്വർണം ഇയാൾ മോഷ്ടിച്ചതായാണ് വിവരം. മോഷ്ടിച്ച് ലഭിക്കുന്ന പണം ഓഹരിവിപണിയിൽ നിക്ഷേപിക്കുകയാണെന്നാണ് വിവരം.
കൈയിലുള്ള ബാഗിൽ ജനൽക്കമ്പികൾ മുറിക്കുന്നതിനായി ഡ്രില്ലർ, ഗ്യാസ് കട്ടർ എന്നിവ കരുതിയിട്ടുണ്ടാകും. ബർമുഡയും ടി-ഷർട്ടും മുഖംമൂടിയും ധരിച്ചാണ് വീടുകളിൽ മോഷണത്തിന് കയറുന്നത്. മോഷണത്തിനുശേഷം നേരം പുലരുംവരെ സമീപത്തെവിടെയങ്കിലും ഒളിച്ചിരുന്നശേഷം രാവിലെ ഓട്ടോയിൽ കയറി കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് പോകും.
ഏഴ് കൊല്ലത്തിനുള്ളിൽ പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം, കാലടി മേഖലകളിലായി 20-ലേറെ വീടുകളിൽ മോഷണം നടത്തിയതായി ഇയാൾ അന്വേഷണസംഘത്തോട് സമ്മതിച്ചതായാണ് വിവരം. മോഷണത്തിലെ സമാനതകളും സമീപ പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്

