ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ 47 പേരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. ഗുയിഷൗ പ്രവിശ്യയുടെ തലസ്ഥാനമായ ഗുയാങ്ങില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള സന്ദു കൗണ്ടിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. 20 പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് പോലിസ് അറിയിച്ചു. പര്‍വതപ്രദേശമായ സന്ദു കൗണ്ടിയില്‍ നിയന്ത്രണം വിട്ട ബസ് മലയിടുക്കിലേക്ക് കുത്തനെ മറിയുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ഈ വര്‍ഷം ഇതുവരെയുണ്ടായ ഏറ്റവും വലിയ റോഡ് അപകടമാണിത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി ഗോത്ര ന്യൂനപക്ഷങ്ങള്‍ വസിക്കുന്ന ഗ്വിയാങ് പ്രവിശ്യയോട് ചേര്‍ന്ന് ദരിദ്രകുടുംബങ്ങള്‍ വസിക്കുന്ന മലമ്പ്രദേശവുമായ ക്വിയാനാന്‍ പ്രിഫെക്ചറിലാണ് അപകടമുണ്ടായത്. ചൈനയിലുടനീളമുള്ള ദീര്‍ഘദൂര പാസഞ്ചര്‍ വണ്ടികള്‍ പുലര്‍ച്ചെ രണ്ടിനും രാവിലെ അഞ്ചിനും ഇടയില്‍ സര്‍വീസ് നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. പ്രവിശ്യയിലെ പല പ്രധാന റോഡുകളും കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഗ്വിയാങ് പ്രവിശ്യയില്‍ നൂറ് ടോള്‍ സ്റ്റേഷനുകളും അടച്ചുപൂട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം 900ലധികം പുതിയ കൊവിഡ് കേസുകളാണ് ഗ്വിയാങ് പ്രവിശ്യയില്‍ റിപോര്‍ട്ട് ചെയ്തത്. പ്രവിശ്യാ തലസ്ഥാനമായ ഗുയാങ്ങില്‍ നിന്ന് കൊവിഡ് ബാധിതരെ ക്വാറന്റൈനിലാക്കുന്നതിനായി കൊണ്ടുപോവുകയായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്. ഇപ്പോള്‍ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. പരിക്കേറ്റവരുടെ ചികില്‍സയും മരണപ്പെട്ടവരുമായി ബന്ധപ്പെട്ട അനന്തര നടപടികളും നടക്കുകയാണ്. അപകടത്തിന്റെ കാരണം അന്വേഷിക്കുകയാണ്- പ്രാദേശിക ഭരണകൂടം അറിയിച്ചു.
ചൈനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു
