പുതുപൊന്നാനി അഴിമുഖത്തെ മണൽ നീക്കം ചെയ്യൽ: ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

പുതുപൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങൾക്ക് തടസമായി നിൽക്കുന്ന മണൽതിട്ടകൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾക്ക് തുടക്കം. അഴിമുഖത്തിൻ്റെ ആഴവും അടിഞ്ഞു കൂടിയ മണലിൻ്റെ തോതും സർവേ നടത്തി തിട്ടപ്പെടുത്തുന്നതിൻ്റെ ഭാഗമായി പുതുപൊന്നാനി മുനമ്പം അഴിമുഖത്ത് ഹൈഡ്രോഗ്രാഫിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

അഴിമുഖത്ത് ഒന്നര മുതൽ രണ്ട് മീറ്റർ വരെ ആഴം കൂട്ടാനാണ് പ്രാഥമിക ധാരണയായത്. ഇതിൻ്റെ ഭാഗമായി ഈ മാസം 22, 23 തീയതികളിൽ ഹൈഡ്രോ ഗ്രാഫിക് വിഭാഗം സർവേ നടത്തും. തുടർന്ന് സർവേ റിപ്പോർട്ട് എം.എൽ.എക്ക് നൽകും. അഴിമുഖത്തെ മണൽതിട്ട നീക്കം ചെയ്ത് കരാറുകാരന്‍ തന്നെ മണൽ വിൽപ്പന ചെയ്ത് തുക സർക്കാറിലേക്ക് അടക്കാനാണ് തീരുമാനം. അഴിമുഖത്ത് ജലം സുഗമമായി ഒഴുകിപ്പോകാനുള്ള സ്ഥിരം സംവിധാനം ഒരുക്കണമെന്നും അഴിമുഖത്ത് അടിഞ്ഞുകൂടി കിടക്കുന്ന കല്ലുകൾ നീക്കം ചെയ്യണമെന്നും നാട്ടുകാരും മത്സ്യ തൊഴിലാളികളും ആവശ്യപ്പെട്ടു.

ഹാർബർ എഞ്ചിനീയറിങ് എക്സിക്യുട്ടീവ് എഞ്ചിനീയർ രാജീവ്, അസി.എഞ്ചിനീയർ ജോസഫ് ജോൺ, ഹൈഡ്രോ ഗ്രാഫിക് മറൈൻ സർവ്വേയർ ഷൽബി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →