എടത്വാ: കടക്കെണിയിലായ കര്‍ഷകന്‍ ജീവനൊടുക്കി. മാമ്പുഴക്കരി ഇടയാടി വീട്ടില്‍ ജോസുകുട്ടി വര്‍ഗീസാണ് (58) ജീവനൊടുക്കിയത്.13/09/2022 രാവിലെ തായങ്കരി ദേവസ്വം വരമ്പിനകം പാടശേഖര തുരുത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പാട്ടത്തിനു സ്ഥലമെടുത്ത് വാഴ, പച്ചക്കറി കൃഷി ചെയ്തിരുന്നയാളാണ് ജോസുകുട്ടി. മരിയാപുരം വിപണനകേന്ദ്രത്തില്‍ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കൃഷി നഷ്ടത്തിലായിരുന്നു. പിന്നീട് പലരില്‍നിന്നും വായ്പയെടുത്താണു കൃഷി ചെയ്തിരുന്നത്. അതിനിടെ പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചതോടെ കൈവിറയല്‍ കാരണം കൃഷിചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
കടക്കെണിയും രോഗവും അലട്ടിയ ജോസുകുട്ടി മനംനൊന്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: നാന്‍സി പുന്നക്കുന്നത്തുശേരി ചെപ്പില കുടുംബാംഗമാണ്. എം.സി.എ. വിദ്യാര്‍ഥി അതിറ്റ ജോസ് ഏക മകളാണ്. സംസ്‌കാരം പിന്നീട്.