ഹൈദരാബാദ്: ഗണേശോത്സവത്തിന്റെ ഭാഗമായി ഗണേശപൂജയുടെ പ്രസാദമായ ഭീമൻലഡ്ഡു ലേലത്തിൽ വിറ്റുപോയത് അറുപതിലധികം ലക്ഷം രൂപയ്ക്ക്. റിച്ച്മണ്ട് വില്ല സിറ്റിയിലാണ് 10-12 കിലോഗ്രാം വലിപ്പമുള്ള ലഡ്ഡുവിന് 60.8 ലക്ഷം രൂപ ലഭിച്ചത്. ലോകത്തിൽ ഒരു ലഡ്ഡുവിന് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന തുകയാണിതെന്നാണ് അനുമാനിക്കുന്നത്. പലരും ലേലം വിളിക്കുന്നതിന് പകരം 100 പ്രദേശവാസികൾ ഒന്നായാണ് ലഡ്ഡുവിന് വേണ്ടി ലേലം വിളിച്ചത്. ലേലത്തുക കാരുണ്യപ്രവർത്തനങ്ങൾക്കായി ചെലവിടാനാണ് തീരുമാനം.
ഇക്കൊല്ലത്തെ ഗണേശോത്സവത്തിന് വിവിധയിടങ്ങളിൽ ഉയർന്ന വിലയ്ക്ക് പ്രസാദലഡ്ഡു വിറ്റുപോയിരുന്നു. തെലങ്കാനയിലെ മാരാക്കാത ശ്രീ ലക്ഷ്മി ഗണപതി ഉത്സവപന്തലിൽ ഏകദേശം 46 ലക്ഷം രൂപയ്ക്കാണ് ഒരു ലഡ്ഡു വിറ്റത്. ബാലപ്പുർ ഗണേശ ലഡ്ഡുവിന് ലഭിച്ചതാകട്ടെ 4.60 ലക്ഷം രൂപയും. 1994 ൽ ബാലപ്പുരിലാണ് ഗണേശോത്സവത്തോടനുബന്ധിച്ചുള്ള ലഡ്ഡു വിൽപന ആരംഭിച്ചത്. അന്ന് കർഷകനായ കോലൻ മോഹൻ 450 രൂപയ്ക്കാണ് ലഡ്ഡു വാങ്ങിയത്.
ഗണേശ ലഡ്ഡു ഭാഗ്യവും ആരോഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് ഭക്തരുടെ വിശ്വാസം. റിച്ച്മണ്ട് വില്ല സൺ സിറ്റിയിൽ ലഡ്ഡു ലേലത്തിൽ വാങ്ങിയ നൂറ് പേരിൽ വിവിധ മതസ്ഥർ ഉൾപ്പെടുന്നു. തങ്ങളെല്ലാവരും മനുഷ്യത്വത്തിൽ വിശ്വസിക്കുന്നവരാണെന്നും ഗണേശ ഉത്സവം അത്തരത്തിലൊരവസരമാണെന്നും റിച്ച്മണ്ട് വില്ല സൺ സിറ്റിയിലെ താമസക്കാരനായ സജി ഡിസൂസ പറഞ്ഞു

