ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്: 11 കുറ്റവാളികളെ വിട്ടയച്ചു

അഹമ്മാദാബാദ്: ഗുജറാത്തിലെ ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേര്‍ ജയില്‍ മോചിതരായി. ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടവരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് മോചനം. സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികം പ്രമാണിച്ചു കുറ്റവാളികളെ ജയില്‍ മോചിതരാക്കുമ്പോള്‍ കൊലപാതകം, മാനഭംഗം തുടങ്ങിയ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരെ വിട്ടയയ്ക്കരുതെന്ന് കാട്ടി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇത് അവഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.2008 ജനുവരി 21 നാണ് മുബൈ സി.ബി.ഐ കോടതി 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടബലാത്സഗവും ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊന്നതുമുള്‍പ്പെടെയുള്ള കേസുകളാണ് ചുമത്തിയത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും അതിനാല്‍ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവരെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയതും ജയിലിലെ മികച്ച പെരുമാറ്റവും പരിഗണിച്ചാണ് മോചനമെന്ന് ഗുജറാത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി(ആഭ്യന്തരം) രാജ് കുമാര്‍ അറിയിച്ചു. പഞ്ച്മഹല്‍ കലക്ടര്‍ സുജല്‍ മയാത്ര അധ്യക്ഷനായി സമിതി രൂപീകരിച്ച് ഇവരെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി ശിപാര്‍ശ നല്‍കിയെന്ന് അദ്ദേഹം അറിയിച്ചു. 2002 മാര്‍ച്ച് മൂന്നാണു ബില്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗത്തിനിരയായത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു അവര്‍.

അവരുടെ മൂന്ന് വയസുള്ള മകള്‍ സലേഹ അടക്കം കുടുംബത്തിലെ ഏഴുപേരാണു കൊല്ലപ്പെട്ടത്. കുടുംബത്തിലെ മറ്റ് ആറു പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണു കേസെടുത്തത്. പിന്നീട് വിചാരണ മഹാരാഷ്ട്രയിലേക്കു മാറ്റി. കേസിലെ 13 പ്രതികളില്‍ 11 പേര്‍ക്ക് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി യു.ഡി. സല്‍വി ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →