ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം: 5.75 ഏക്കർ ഭൂമിയിൽ കൃഷി ആരംഭിച്ച് മുളന്തുരുത്തി ബ്ലോക്ക്

സംസ്ഥാന സർക്കാറിന്റെ ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി  ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് പഞ്ചായത്തുകളിലായി 5.75 ഏക്കർ ഭൂമിയിലാണ്  കൃഷിയിറക്കിയിരിക്കുന്നത്. പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.

 ബ്ലോക്കിന് കീഴിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കൃഷിയിറക്കിയിരിക്കുന്നത്. 3.5 ഏക്കർ ഭൂമിയിൽ പച്ചക്കറി, കിഴങ്ങുവർഗ്ഗങ്ങൾ പഴവർഗ്ഗങ്ങൾ എന്നിവയാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. മണീട് ഗ്രാമപഞ്ചായത്തിൽ 120 സെന്റ് സ്ഥലത്ത് പച്ചക്കറികളും കിഴങ്ങ് വർഗ്ഗങ്ങളും കൃഷി ആരംഭിച്ചപ്പോൾ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ 60 സെന്റ് സ്ഥലത്ത് പഴം,  പച്ചക്കറി ഇനങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ 25 സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്.  ഇടക്കാട്ടുവയൽ, ചോറ്റാനിക്കര എന്നീ ഗ്രാമപഞ്ചായത്തുകളിൽ 10 സെന്റ് വീതം പച്ചക്കറി കൃഷിയും നടത്തിവരുന്നു.

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ തോട്ടറ സംസ്കൃത സ്കൂൾ, ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ മനഞ്ചേരി ഹൗസ്, മണീട് ഗ്രാമപഞ്ചായത്തിൽ വാർഡ് മൂന്ന്, മുളന്തുരുത്തി പഞ്ചായത്തിലെ പെരുമ്പിള്ളി പ്രദേശം, ഉദയംപേരൂർ പഞ്ചായത്തിലെ നടക്കാവ്, എടക്കാട്ടുവയൽ പഞ്ചായത്തിലെ അത്താണിക്കൽ ആഗ്രോ ഏജൻസിസ് എന്നിവിടങ്ങളിലാണ് ബ്ലോക്കിന് കീഴിൽ പ്രധാനമായും പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചിരിക്കുന്നത്.

മുളന്തുരുത്തി കൃഷി ബ്ലോക്കിന് കീഴിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ അധികൃതരും  കൃഷി ഭവനുകളും ചേർന്നാണ് കൃഷിയ്ക്കായി സ്ഥലം കണ്ടെത്തി നൽകിയത്. സംസ്ഥാനത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക, വിഷരഹിത പച്ചക്കറി വീട്ടിൽ ഉത്പാദിപ്പിക്കുക, എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്ക് തിരിച്ചെത്തിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ പ്രചരണാർത്ഥമാണ് “ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം” എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →