തളിപ്പറമ്പ്: സ്ഥലം മാറ്റിയ എ.ഇ.ഒ. തത്സ്ഥാനം ഒഴിയുന്നില്ലെന്ന് ആക്ഷേപം. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും കുറുമാത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് സ്ഥലമാറ്റം ലഭിച്ച എ.ഇ.ഒ. കെ.ഡി. വിജയൻ കസേര ഒഴിയുന്നില്ലെന്നാണ് ആക്ഷേപം . പകരക്കാരനായെത്തിയ കുറമാത്തൂൽ ഹയർ സെക്കൻഡറി സ്‌കൂളിലെ തന്നെ പ്രഥമാധ്യാപകൻ വി.വി. ജയരാജൻ മറ്റൊരു ഇരിപ്പിടത്തിലിരുന്നാണ് എ.ഇ.ഒ.യുടെ കൃത്യനിർവഹണം നടത്തിയത്. 2022 ഓഗസ്റ്റ് ഒന്നിനാണ് വിജയനെ കുറുമാത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രഥമാധ്യാപകനായി നിയമിച്ച് ഉത്തരവിറങ്ങിയത്. ഭരണപരമായ സൗകര്യത്തിനാണ് മാറ്റമെന്നു പറയുന്നു.
എന്നാൽ, ഇതംഗീകരിക്കാൻ വിജയൻ തയ്യാറാകുന്നില്ല. ശനിയാഴ്ചയും തിങ്കളാഴ്ചയും തളിപ്പറമ്പിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തിയ അദ്ദേഹം എ.ഇ.ഒ.യുടെ സീറ്റിൽ തന്നെയിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയുള്ള ആശാലതയെത്തി സംസാരിച്ചെങ്കിലും സീറ്റൊഴിഞ്ഞുകൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. ഇതിനിടെ പ്രശ്‌നം കോടതിയിലെത്തിയിട്ടുണ്ട്. 11-ന് കോടതി എന്തുപറയുമെന്നതനുസരിച്ച് ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നാണ് വിജയൻ പറയുന്നത്.

