തൃശൂര്‍: മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ടു സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. അകലാട് കൊട്ടിലില്‍ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടില്‍ സഫീന (32), പട്ടാമ്പി തേലോത്ത് വീട്ടില്‍ മുഹമ്മദ് (69), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40) എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്നു തൃശൂരിലേക്ക് കഞ്ചാവെത്തിക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തൃശൂര്‍ തെക്കേഗോപുര നടയില്‍വച്ച് ഇവരെ പിടികൂടിയത്. പരിശോധനയില്‍ ഒരു കിലോ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. ഇതിന് ചില്ലറ വിപണിയില്‍ ഒരുകോടിയോളം വിലവരും. നൂറു കിലോ കഞ്ചാവു വാറ്റുമ്പോഴാണ് ഒരുകിലോ ഹാഷിഷ് ഓയില്‍ ലഭിക്കുക. ആന്ധ്രയില്‍ നിന്നു കേരളത്തിലേക്കുള്ള യാത്രയില്‍ പോലീസ് പരിശോധനയില്‍ സംശയമുണ്ടാകാതിരിക്കാനാണു സ്ത്രീകളെ കൂടെക്കൂട്ടുന്നത്.
ഹാഷിഷ് ഓയിലും കഞ്ചാവും എത്തിച്ച് നിരവധി തവണ ചാവക്കാട്, വടക്കേക്കാട് പ്രദേശങ്ങളിലും എറണാകുളം ജില്ലയുടെ പലയിടങ്ങളിലും വില്‍പന നടത്തിയതായി സംഘം വെളിപ്പെടുത്തി. വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള ചെറുപ്പക്കാരാണ് ഇവരുടെ ഉപഭോക്താക്കള്‍. എട്ടു കിലോ കഞ്ചാവ് കടത്തിയതിന് പാലക്കാട് ഹേമാംബിക നഗര്‍ സ്റ്റേഷനിലും രണ്ടുകിലോ ഹാഷിഷ് ഓയില്‍ കടത്തിയതിനു ചാവക്കാട് പോലീസ് സ്റ്റേഷനിലും അഷറഫിനെതിരേ കേസുണ്ട്. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയാണു വീണ്ടും ലഹരിക്കടത്ത്.തൃശൂര്‍ ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ പി. ലാല്‍കുമാര്‍, എസ്.ഐമാരായ ഗീതു മോള്‍, ദിവ്യ, ലഹരിവിരുദ്ധ സ്‌ക്വാഡ് എസ്.ഐ: എന്‍.ജി. സുവ്രത കുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, പി. രാകേഷ്, സീനിയര്‍ സി.പി.ഒമാരായ ജീവന്‍, പളനിസ്വാമി, എം.എസ്. ലികേഷ്, വിപിന്‍ദാസ്, സുജിത്, ആഷിഷ്, ശരത്, എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.

