പോൾ മുത്തൂറ്റ് വധക്കേസ്; സുപ്രീംകോടതി വിശദമായി വാദം കേൾക്കും

ന്യൂഡൽഹി: പോൾ മുത്തൂറ്റ് കേസിൽ സുപ്രീംകോടതി വിശദമായി വാദം കേൾക്കും. മുത്തൂറ്റ് കുടുംബം നൽകിയ അപ്പീൽ പരിഗണിച്ചാണ് വിശദമായി വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കിയത്. പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയ നടപടിക്കെതിരെയാണ് കുടുംബം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഒന്നാം പ്രതി ജയചന്ദ്രനെ വിട്ടയച്ച വിധിക്കെതിരെയാണ് മുത്തൂറ്റ് കുടുംബം സുപ്രീംകോടതിയിൽ എത്തിയത്. കേസിൽ കാരി സതീഷ് ഒഴികെ എട്ടു പ്രതികളെ ഹൈക്കോടതി വിട്ടയച്ചിരുന്നു.

പോൾ വധക്കേസിൽ 9 പ്രതികളും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയത്. എല്ലാ വശങ്ങളും പരിഗണിച്ചാണെന്നാണ് ഹർജിക്കാരനായ ജോർജ് മുത്തൂറ്റ് സുപ്രീംകോടതിയിൽ വാദിച്ചു. കൊലപാതകം നടത്തിയത് രണ്ടാം പ്രതിയായ കാരി സതീഷ് മാത്രമാണെന്ന സാങ്കേതികത്വം കണക്കിലെടുത്താണ് മറ്റു പ്രതികളെ കോടതി വിട്ടയച്ചതെന്നും ഇതുവഴി സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നുമാണ് ജോർജ് മുത്തൂറ്റിന്റെ വാദം. ഇത് അംഗീകരിച്ചാണ് വിശദമായി വാദം കേൾക്കാൻ കോടതി തയ്യാറായിട്ടുള്ളത്.

2019 സെപ്റ്റംബർ അഞ്ചിനാണ് പോൾ മുത്തൂറ്റ് വധക്കേസിൽ എട്ടു പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കിയത്. രണ്ടാംപ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷയാണ് ഒഴിവാക്കിയത്. ഒന്നാംപ്രതിയായ ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി ഫൈസൽ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ എന്നിവരുടെ മേൽ ചുമത്തിയിരുന്ന കൊലക്കുറ്റവും കോടതി നീക്കിയിരുന്നു. ഇവർ കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തെന്ന് പറയത്തക്ക തെളിവുകളില്ലെന്ന് നീരീക്ഷിച്ചായിരുന്നു കേരള ഹൈക്കോടതി നടപടി.

ഹൈക്കോടതി വിധിക്കെതിരെ സിബിഐ ഇതുവരെ അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. ഇതിനിടെയാണ് പോൾ മുത്തൂറ്റിന്റെ കുടുംബം നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എട്ടു പ്രതികളുടെ ജീവപര്യന്തം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രത്യേകം അപ്പീലാണ് നൽകിയത്.

2009 ആഗസ്റ്റ് 22 രാത്രിയാണ് നെടുമുടി പൊങ്ങയിൽ വച്ച് മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ എം. ജോർജ് കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് പിന്നീട് സിബിഐ അന്വേഷിക്കുകയായിരുന്നു. 2015 സെപ്റ്റംബറിൽ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →