തൃശ്ശൂർ: ശരീരത്തിൽ പെല്ലറ്റുമായി ചികിത്സയ്ക്ക് എത്തിച്ച നായകളിൽ ഒരെണ്ണം ചത്തു. വാഹനാപകടത്തെ തുടർന്ന് ചികിത്സയ്ക്കായി മണ്ണുത്തി വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിശോധന നടത്തുമ്പോഴാണ് പെല്ലറ്റ് കണ്ടെത്തിയത്.
ഈ നായക്ക് ഒപ്പം ഗുരുവായൂരിൽ നിന്ന് എത്തിച്ച മറ്റൊരു നായയുടെ ശരീരത്തിലും പെല്ലറ്റ് കണ്ടെത്തിയിരുന്നു. മണ്ണുത്തി വെറ്റിനറി ആശുപത്രിയിൽ നടത്തിയ എക്സറേ പരിശോധനയിലാണ് പെല്ലറ്റ് കണ്ടത്. പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആലപ്പുഴ ആറാട്ടുകുളങ്ങരയിൽ വയറ്റിൽ വെടിയുണ്ടകളുമായി കണ്ടെത്തിയ നായ ചത്തു. എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ കണ്ടെത്തി. കരുനാഗപ്പള്ളിയിലെ വെറ്റ്സ് എൻ പെറ്റ്സ് ഫോർട്ട് ഹോം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നായ ചത്തത്.
വെടിവെപ്പ് പരിശീലനത്തിന് നായയെ ഉപയോഗിച്ചെന്നായിരുന്നു പോലീസിന്റെ നിഗമനം. ആറാട്ടുകുളങ്ങര കണ്ണമംഗലം റോഡിൽ ഉപേക്ഷിച്ച നിലയിലാണ് നാട്ടുകാർ നായയെ കണ്ടെത്തുന്നത്. അനങ്ങാൻ കഴിയാത്ത നിലയിലായിരുന്നു. എഴുന്നേൽക്കാൻ പോലും കഴിയാത്ത നായയെ നാട്ടുകാർ പരിചരണത്തിലൂടെ രക്ഷപ്പെടുത്തുവാൻ ശ്രമം നടത്തി. വിഫലമായതിനെ തുടർന്ന് വോക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്ഹോക്സ് എന്ന വാട്സപ്പ് കൂട്ടായ്മയെ വിവരം അറിയിച്ചു. അംഗങ്ങളെത്തിനായക്ക് ശുശ്രൂഷ നൽകി. കുത്തിവെപ്പും മരുന്നും നൽകി. എന്നിട്ടും നായയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലാത്തതിനെ തുടർന്നാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ മൃഗാശുപത്രിയിലേക്ക് മാറ്റിയത്.
തുടർന്ന് ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് ശരീരത്തിൽ വെടിയുണ്ടകൾ കണ്ടത്. ശാസ്ത്രക്രിയയിലൂടെ ബുള്ളറ്റുകൾ നീക്കം ചെയ്താലും ജീവൻ രക്ഷിക്കാൻ സാധ്യത കുറവാണ് എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. 2022 ജൂലൈ 11നായിരുന്നു സംഭവം.

