അപ്പാരല്‍ പാര്‍ക്ക് : വനിതകള്‍ സ്വയംപര്യാപ്തതയിലേക്ക്

കൊല്ലം: സ്വയംതൊഴില്‍ മേഖലയില്‍ സ്ത്രീശാക്തീകരണവും സ്വയം പര്യാപ്തതയും കൈവരിക്കാന്‍ ഒരുങ്ങി പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. വനിതകളുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി അപ്പാരല്‍ പാര്‍ക്ക് പൂയപള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം.ആര്‍ ജയഗീത പുന്നക്കോട് മുക്കില്‍ നിര്‍വഹിച്ചു. പൂയപ്പള്ളി ഗ്രാമപഞ്ചായത്തും കുടുംബശ്രീ കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തില്‍ 32 ദിവസത്തെ തയ്യല്‍, ഫാഷന്‍ ഡിസൈനിംഗ് പരിശീലനംപൂര്‍ത്തിയാക്കിയ വനിതകള്‍ക്കായി ആധുനിക സജ്ജീകരണങ്ങളോടു കൂടിയ തയ്യല്‍ മെഷീനുകളും അനുബന്ധ വസ്തുക്കളും അപ്പാരല്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ചടങ്ങില്‍ പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയി അദ്ധ്യക്ഷയായി.കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എസ്. റ്റി. ബിനി,വാര്‍ഡ് അംഗം വി.സരിത കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →