* ഇതുവരെ നൽകിയത് 19600 പേർക്ക്
സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയിൽ ഈ വർഷം 1400 പേർക്കു കൂടി ഗ്‌ളൂക്കോമീറ്ററുകൾ നൽകും. നിർധനരും പ്രമേഹ രോഗികളുമായ വയോജനങ്ങൾക്ക് വീടുകളിൽത്തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കുന്നതിന് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതിയാണിത്. 2018 ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 19,600 പേർക്ക് സൗജന്യ ഗ്ലൂക്കോമീറ്ററുകൾ ലഭ്യമാക്കി. ഈ സാമ്പത്തിക വർഷം ഓരോ ജില്ലയിലും 100 പുതിയ ഗുണഭോക്താക്കളെ വീതം കണ്ടെത്തി ഉപകരണം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് നിശ്ചിത ഇടവേളകളിൽ ആരോഗ്യ സ്ഥാപനങ്ങളിലെത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് ആരോഗ്യ സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഗ്ലൂക്കോമീറ്റർ നൽകുന്നത്. കൂടാതെ നിർധന വിഭാഗത്തിലുൾപ്പെടുന്നവർക്ക് സൗജന്യമായി പ്രമേഹ പരിശോധന നടത്താനാകുമെന്നതും പദ്ധതിയുടെ നേട്ടമാണ്.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (KMSCL) വഴിയാണ് ഗ്ലൂക്കോമീറ്ററുകളും പരിശോധനയ്ക്കാവശ്യമായ സ്ട്രിപ്പുകളും നൽകുന്നത്. ആദ്യഘട്ടത്തിൽ 25 സ്ട്രിപ്പുകളാണ് ഗ്ലൂക്കോമീറ്ററിനൊപ്പം നൽകുന്നത്. പിന്നീട് ആവശ്യപ്പെടുന്നപക്ഷം അടുത്ത രണ്ട് വർഷത്തേക്ക് ഒരു സ്ട്രിപ്പിന് 6 രൂപ നിരക്കിൽ ഗുണഭോക്താക്കൾക്ക് നൽകും. ഓരോ വർഷവും ഗുണഭോക്തൃ പട്ടിക തയാറാക്കി ബ്ലോക്ക്/ പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കുന്നതിനായി ഗ്ലൂക്കോമീറ്റർ ഉപയോഗിക്കേണ്ട വിധം വ്യക്തമാക്കുന്നതിനാണ് ക്യാമ്പുകൾ ഒരുക്കുന്നത്.
ബി പി എൽ പരിധിയിൽ ഉൾപ്പെടുന്നവർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഓരോ വർഷവും പ്രത്യേക അപേക്ഷ ക്ഷണിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. പ്രമേഹ രോഗിയാണെന്ന് വ്യക്തമാക്കുന്ന സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രം, പ്രായം തെളിയിക്കുന്നതിനായി സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖ എന്നിവ അപേക്ഷയ്‌ക്കൊപ്പം നൽകണം. സ്വയം സാക്ഷ്യപ്പെടുത്തിയ റേഷൻ കാർഡിന്റെ പകർപ്പ്, തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന ബി പി എൽ സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫിസിൽ നിന്ന് ലഭിച്ച ബി പി എൽ പരിധിയിലുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്നും നൽകണം.