തൃശ്ശൂർ: മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ മിണ്ടാപ്രാണികളെ പട്ടിണിക്കിട്ട് തൊഴിലാളി സമരം. ഫാമിലെ 150 ഓളം വരുന്ന ജീവനക്കാരാണ് മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകാതെ സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി പശുക്കളെ കറക്കുന്നത് തൊഴിലാളികൾ നിർത്തിവച്ചിട്ടുണ്ട്. പശുത്തൊഴുത്തിലെ ഉൾപ്പെടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ല. 3000ത്തിലേറെ പക്ഷിമൃഗാദികൾ ഉള്ള ഫാമിൽ ആണ് ജീവനക്കാരുടെ ക്രൂരമായ സമരം.
2022 ജൂലൈ മാസം ആദ്യം പാൽപാത്രം നീക്കി വയ്ക്കാൻ ഒരു ജീവനക്കാരനോട് അധികൃതർ ആവശ്യപ്പെട്ടതോടെയാണ് സമരത്തിന് ആധാരമായ സംഭവങ്ങളുടെ തുടക്കം. വിസമ്മതിച്ച ജീവനക്കാരനെ സ്ഥലം മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് തുടങ്ങിയ സമരമാണ് നാലു ദിവസങ്ങൾക്കു ശേഷവും തുടരുന്നത്. മൃഗങ്ങളും, പക്ഷികളും പട്ടിണിയിലായതോടെ വിദ്യാർഥികളെ ജോലി ഏൽപ്പിച്ചിരിക്കുകയാണ് സർവ്വകലാശാല. ഒന്നും, രണ്ടും ബിരുദ വിദ്യാർഥികളെയാണ് പരിചരണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

