വനത്തിൽ അതിക്രമിച്ചു കടന്ന് വീഡിയോ ചിത്രീകരിച്ച സംഭവം; വനിതാ വീഡിയോ വ്ളോഗർക്കെതിരെ വനം വകുപ്പ്

കൊല്ലം: വനത്തിൽ അതിക്രമിച്ചു കടന്ന് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ വനിത വീഡിയോ വ്ളോഗർക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി വനംവകുപ്പ്. വ്ളോഗർ അമല അനുവിനെ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടും അമല അനു ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് വനം വകുപ്പ് നീക്കം തുടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥർ പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകൾ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (പുനലൂർ വനം കോടതി) വിശദമായ റിപ്പോർട്ട് നൽകി.

കാട്ടിനുള്ളിൽ അതിക്രമിച്ചു കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് അമല അനുവിനെതിരെ വനം വകുപ്പ് കേസെടുത്തത്. റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയാണ് കിളിമാനൂർ സ്വദേശി അമല അനു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ഇതിന് പിന്നാലെ വനം വകുപ്പ് ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

വനത്തിൽ അതിക്രമിച്ചു കയറുകയും, കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിക്കുകയും ചെയ്തു എന്നാണ് യൂട്യൂബർക്കെതിരായ കേസ്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ അമല അനുവിനെ കാട്ടാന ഓടിച്ചിരുന്നു. എട്ടുമാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വീഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ വൈറൽ ആയതോടെ വനം വകുപ്പ് കേസെടുക്കുകയായിരുന്നു. വനത്തിനുള്ളിൽ ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ അമല അനു പകർത്തി എന്നാണ് വനംവകുപ്പ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →