മുതിർന്ന നേതാക്കളായ ആനന്ദ് ശർമ്മയും,ഗുലാം നബി ആസാദും പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം; കോൺഗ്രസ് ഞെട്ടലിൽ

ന്യൂഡൽഹി: മുതിർന്ന നേതാക്കളായ ആനന്ദ് ശർമയും, ഗുലാം നബി ആസാദും പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം വീണ്ടും ശക്തമായതോടെ കോൺഗ്രസ് ഞെട്ടലിൽ. വരാനിരിക്കുന്ന ഹിമാചൽപ്രദേശ്, കാശ്മീർ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഇരുവരും നിർണായക നീക്കം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി എന്ന റിപ്പോർട്ട് ആനന്ദ് ശർമ്മ തള്ളിയെങ്കിലും ആശയവിനിമയം നടന്നതായാണ് വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.

ജെപി നദ്ദയുമായി കൂടിക്കാഴ്ച നടന്ന റിപ്പോർട്ടുകൾ നിഷേധിക്കുമ്പോഴും സൗഹൃദത്തിന്റെ വഴികൾ അടയില്ലെന്ന ന്യായീകരണമാണ് ആനന്ദ് ശർമ കഴിഞ്ഞദിവസം നടത്തിയത്. നവംബറിൽ നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടുള്ള നീക്കത്തിലാണ് ആനന്ദ് ശർമ. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയാൽ ഉയർത്തിക്കാട്ടാവുന്ന ഒരു മുഖമായി ആനന്ദ് ശർമയെ അവതരിപ്പിക്കാനാണ് ബിജെപിയും ആലോചിക്കുന്നത്.

ജമ്മു കാശ്മീർ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാർട്ടി ഉണ്ടാക്കി ബിജെപിയുടെ പിന്തുണയോടെ ഗുലാബ് നബി ആസാദും കളം മാറും എന്നാണ് റിപ്പോർട്ടുകൾ. നദ്ദയുമായി കടിക്കാഴ്ച നടത്തി എന്ന റിപ്പോർട്ടുകളെ പ്രാദേശികവാദം ഉയർത്തിയാണ് ആനന്ദ് ശർമ നേരിട്ടതെന്നതും ശ്രദ്ധേയമാണ്. ഇരുവരും ഹിമാചൽ സ്വദേശികളാണ് എന്നും സൗഹൃദത്തിൽ എന്താണ് തെറ്റെന്നതുമുള്ള ശർമ്മയുടെ പ്രതികരണം കരുതലോടെയുളളതാണ്. കാശ്മീർ കേന്ദ്രീകരിച്ച് ചെറിയ പാർട്ടികളുമായി ഗുലാം നബി ആസാദും ചർച്ചകളിലാണ്.

ശർമയും, ഗുലാം നബി ആസാദും കളം മാറിയേക്കുമെന്ന അഭ്യൂഹത്തെ കോൺഗ്രസ് നേതൃത്വം തള്ളുന്നില്ല. നേതൃമാറ്റം ആവശ്യപ്പെട്ട് പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ ആനന്ദ് ശർമയും, ഗുലാം നബി ആസാദും വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ്. രാഹുൽഗാന്ധിക്കെതിരെ ഇഡി നടപടിയിൽ മിക്ക കോൺഗ്രസ്സ് നേതാക്കളും തെരുവിലിറങ്ങിയപ്പോൾ പ്രതിഷേധങ്ങളിൽ നിന്ന് ഇരുനേതാക്കളും അകലം പാലിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →